കുടുംബമഹിമയല്ല കഠിനാധ്വാനമാണ് ബി ജെ പി യിൽ പ്രധാനം: അമിത് ഷാ

ഇന്ത്യൻ ജനാധിപത്യത്തിലെ കുടുംബാധിപത്യത്തെ ന്യായീകരിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. പ്രീണന രാഷ്ട്രീയത്തിലും കുടുംബാധിപത്യത്തിലും കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഓരോരുത്തരുടെയും കഴിവ് അനുസരിച്ചുള്ള അംഗീകാരം നൽകാനാണ് ബിജെപി ശ്രദ്ധിക്കുന്നതെന്ന് പാർട്ടി ദേശീയ നിർവാഹക സമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.

കുടുംബമഹിമ കാരണമല്ല മറിച്ച് കഠിനാധ്വാനത്തിലൂടെയാണ് ഇന്ത്യയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഇന്നത്തെ നിലയിലെത്തിയതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ബിജെപി പ്രവർത്തകർക്കു നേരെയുള്ള അതിക്രമത്തിന്റെ പേരിൽ കേരളത്തിലെ ഇടതു സർക്കാരിനും ബംഗാളിലെ തൃണമൂൽ കോൺഗ്രസിനും നേരെ രൂക്ഷവിമർശനവും അമിത് ഷാ ഉന്നയിച്ചു.

യുപിഎ സർക്കാരിന്റെ കാലത്തേക്കാളും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ബിജെപിക്കു കീഴിൽ ഭദ്രമാണെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ ക്രമസമാധാന നിലയും ഭദ്രമാണ്. നക്സലിസത്തെ അടിച്ചമർത്താനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾ പ്രശംസനീയമാണ്. മന്ത്രിസഭയുടെ ആദ്യ മൂന്നു വർഷത്തിനിടെ ഒട്ടേറെ ഭീകരരാണ് കൊല്ലപ്പെട്ടത്. മറ്റേതൊരു മന്ത്രിസഭയുടെ കാലത്തും ആദ്യ മൂന്നു വർഷത്തിനിടെ ഇത്രയേറെ നടപടിയുണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

കലിഫോർണിയ സർവകലാശാലയിൽ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യയിലെ കുടുംബാധിപത്യത്തെപ്പറ്റിയുള്ള രാഹുലിന്റെ പരാമർശം.

‘ഇന്ത്യയുടെ ഭൂരിഭാഗവും ഇത്തരത്തിൽ തന്നെയാണു ഭരിക്കപ്പെടുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും തന്നെ ഇത്തരം കുടുംബാധിപത്യം ഒരു പ്രശ്നമാണ്. അഖിലേഷ് യാദവ്, എ.കെ. സ്റ്റാലിൻ, നടൻ അഭിഷേക് ബച്ചൻ തുടങ്ങിയവരെല്ലാം ഇത്തരത്തിൽ പിന്തുടർച്ചക്കാരായി എത്തിയവരാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ എന്നെ മാത്രം ലക്ഷ്യമിടുന്നതിൽ കാര്യമില്ല’– എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.