Thursday, March 28, 2024
HomeNationalആധാര്‍ കാര്‍ഡ് ഭരണഘടനാപരമോ? നാളെ സുപ്രീം കോടതി വിധി

ആധാര്‍ കാര്‍ഡ് ഭരണഘടനാപരമോ? നാളെ സുപ്രീം കോടതി വിധി

ആധാര്‍ കാര്‍ഡ് ഭരണഘടനാപരമോ എന്ന് പരിശോധിക്കുന്ന കേസില്‍ നാളെ സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് അടങ്ങിയിട്ടുള്ള സുപ്രീം കോടതിയിലെ മുതിര്‍ന്ന അഞ്ച് ജഡ്ജിമാരാണ് കേസില്‍ വിധി പറയുന്നത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാര്‍. ആദ്യത്തേത് കേശവാനന്ദ ഭാരതി കേസായിരുന്നു. കേശവാനന്ദ ഭാരതി കേസില്‍ 68 ദിവസമായിരുന്നു കോടതി വാദം കേട്ടത്. ആധാര്‍ കാര്‍ഡ് പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് 27 ഹര്‍ജികളാണ് സമര്‍പ്പിച്ചിരുന്നത്. കോടതി വിധി കേന്ദ്രസര്‍ക്കാരിനു വളരെ നിര്‍ണായകമാണ്. ആധാര്‍ കാര്‍ഡ് വ്യക്തിയുടെ സ്വകാര്യതാ ലംഘനമാണ് എന്ന് ആരോപിക്കുന്ന പരാതികള്‍ കേള്‍ക്കുവാനായി സുപ്രീം കോടതി ചെലവിട്ടത് മുപ്പത്തിയെട്ട് ദിവസമാണ്. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മറ്റൊരു വിധിയില്‍ സ്വകാര്യത മൗലികാവകാശമാണ് എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 21ല്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന കാര്യമാണ് സ്വകാര്യത എന്നായിരുന്നു പരമോന്നത കോടതിയുടെ വിധി. ദശലക്ഷത്തോളം പൗരന്മാര്‍ ഇതിനോടകം തന്നെ ആധാര്‍ കാര്‍ഡ് എടുത്തിട്ടുണ്ട്. പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഫോണ്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയ്ക്ക് പുറമേ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പറ്റുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍, ആധാര്‍ സമര്‍പ്പിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച്‌ ഒരാളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കരുത് എന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസ് എ.കെ.സിക്രി, എ.എം.ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവർ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായുള്ള അഞ്ചംഗ ബെഞ്ചിലെ മറ്റംഗങ്ങളാണ്. കേസില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായി. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, പി. ചിദംബരം, രാ ഗേഷ് ദ്വിവേദി, ശ്യാം ദിവാന്‍, അരവിന്ദ് ദത്താര്‍ എന്നിവർ ഹര്‍ജിക്കാര്‍ക്കു വേണ്ടി വാദം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments