Thursday, March 28, 2024
HomeKeralaവയലിനിസ്റ്റ് ബാലഭാസ്‌കർ കാര്‍ അപകടത്തിൽ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ; ഏക മകൾ മരിച്ചു

വയലിനിസ്റ്റ് ബാലഭാസ്‌കർ കാര്‍ അപകടത്തിൽ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ; ഏക മകൾ മരിച്ചു

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച്‌ മകള്‍ തേജ്വസിനി ബാല മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കറിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരേയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും പിറന്ന മകൾ തേജസ്വിനി അപകടത്തിൽ മരിച്ചു . ഒരുമിച്ചുള്ള കുടുംബ ഫോട്ടോകളിലെല്ലാം ഇരുവര്‍ക്കും അവളോടുള്ള വാത്സല്യം പ്രകടമാണ്. കൊഞ്ചിച്ചു കൊതി തീരും മുൻപേ അവള്‍ യാത്ര പറയാതെയാണ് മടങ്ങിയത്.  കഴുത്തിനും തോളെല്ലിനും ഗുരുതര പരുക്കേറ്റ ബാലഭാസ്‌കര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് . ഭാര്യ ലക്ഷ്മിയ്ക്കും കാലിന് ഗുരുതര പരുക്കുണ്ട്. ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വടക്കുംനാഥ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം തൃശൂരില്‍ നിന്നും തിരുവനന്തപുരത്തെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ ജനിച്ചതുമായി ബന്ധപ്പെട്ട വഴിപാടുകള്‍ക്കു വേണ്ടി തന്നെയായിരുന്നു ക്ഷേത്രദര്‍ശനം. പുലര്‍ച്ചെ നാലരയോടെ പള്ളിപ്പുറത്ത് വെച്ചായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ അര്‍ജുന്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. റോഡില്‍ നിന്നു തെന്നി മാറിയ ഇന്നോവ കാര്‍ സമീപത്തെ മരത്തിലിടിച്ച്‌ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഹൈവേ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഗ്ലാസ് പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഇവിടെ നിന്നും ആദ്യം മെഡിക്കല്‍ കോളെജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മകള്‍ തേജസ്വിനിയുടെ മരണം എട്ടുമണിയോടെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ബാലഭാസ്‌കറിന് കഴുത്തിനും തോളെല്ലിനും മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ ഉണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിലെ വിദ്യാഭ്യാസ കാലത്തിനിടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് 16 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു മകള്‍ തേജസ്വനിയുടെ ജനനം. കേരളത്തിനകത്തും പുറത്തുമായി നിരവധി സംഗീത പരിപാടികള്‍ നടത്തുന്ന മികച്ച പ്രതിഭയാണ് ബാലഭാസ്‌കര്‍. കേരളത്തില്‍ ആദ്യമായി ഇലക്‌ട്രിക് വയലിന്‍ പരിചയപ്പെടുത്തിയ ബാലഭാസ്‌കര്‍ നിലവില്‍ ബാലലീല എന്ന മ്യൂസിക് ബാന്‍ഡ് നടത്തി വരികയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments