Tuesday, April 23, 2024
HomeKeralaപിറവം സെന്റ്‌മേരീസ് പള്ളിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു

പിറവം സെന്റ്‌മേരീസ് പള്ളിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു

പിറവം സെന്റ്‌മേരീസ് പള്ളിയില്‍ യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്‌സ് വിഭാഗവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ പെട്ടവര്‍ ആരാധന നടത്താന്‍ രാവിലെ എത്തിയ സാഹചര്യത്തില്‍ പള്ളിയില്‍ സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്.

തടയാന്‍ പള്ളിക്കുള്ളില്‍ യാക്കോബായ വിഭാഗം തമ്പടിച്ചിട്ടുണ്ട്. സംഘര്‍ഷം തടയുന്നതിനും സുപ്രീംകോടതി വിധി നടപ്പാക്കാനും വേണ്ടി പോലീസ് സന്നാഹവും എത്തിയിട്ടുണ്ട്. പള്ളിക്കുള്ളില്‍ നിന്നു കൊണ്ടു പ്രതിഷേധിക്കുന്ന യാക്കോബായ വിഭാഗത്തെ പള്ളിയില്‍ നിന്നും ഒഴിപ്പച്ച ശേഷം വേണം ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിക്കുള്ളില്‍ പ്രവേശിപ്പിക്കാന്‍.

ഇന്ന് രാവിലെ ആരാധനയ്ക്കായി ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെ ഒരു ചെറിയ വിഭാഗം പള്ളിയില്‍ എത്തിയിട്ടുണ്ട്. കണ്ണാടി രൂപത ഭദ്രാസനാധിപന്റെ നേതൃത്വത്തിലാണ് എത്തിയിട്ടുള്ളത്. ഇവര്‍ തിരിച്ചു പോകില്ലെന്ന് പറഞ്ഞ് പള്ളിഗേറ്റില്‍ കാത്തു നില്‍ക്കുകയാണ്. ഇതോടെ പള്ളിയില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറുകയാണ്. പള്ളിയില്‍ കയറാന്‍ തയ്യാറെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗം നില്‍ക്കുമ്പോള്‍ തടയാന്‍ യാക്കോബായ വിഭാഗം പള്ളിക്കുള്ളില്‍ കാത്തു നില്‍ക്കുകയാണ്.

പള്ളിയില്‍ നിന്നും തങ്ങള്‍ ഇറങ്ങില്ലെന്നും തങ്ങളുടെ പള്ളി വിട്ടു കൊടുക്കില്ലെന്നും യാക്കോബായ വിഭാഗം നിലപാട് എടുക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ പള്ളിഗേറ്റ് അകത്തു നിന്നും പൂട്ടുകയും ചെയ്തു.ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളിയില്‍ ആരാധന നടത്താന്‍ തടസ്സമില്ലെന്നും പോലീസ് സംരക്ഷണം നല്‍കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് വിശ്വാസി സമൂഹം വീണ്ടും നേര്‍ക്കുനേര്‍ വന്നിരിക്കുന്നത്. ഇന്നലെ രാത്രി മുതല്‍ പള്ളിയില്‍ സംഘര്‍ഷ സാധ്യത നില നില്‍ക്കുകയാണ്.

ഓര്‍ത്തഡോക്‌സ് വിഭാഗത്തെ ഒരു തരത്തിലും പള്ളിയില്‍ ആരാധന നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം.അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും കാവല്‍ നില്‍ക്കുന്നുണ്ട്.

പള്ളിയില്‍ കയറി ആരാധന നടത്തുമെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നത്. സുപ്രീംകോടതി വിധി വന്നതോടെ ആരാധന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സംരക്ഷണ നല്‍കുമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ തങ്ങളുടെ പൂര്‍വ്വികര്‍ നിര്‍മ്മിച്ച പള്ളി ഏതെങ്കിലും കോടതി വിധിയില്‍ വിട്ടുകൊടുക്കുന്നില്ലെന്നാണ് യാക്കോബായ വിശ്വാസികളുടെ നിലപാട്. പള്ളിക്കകത്ത് ഏകദേശം 300 ലധികം പേര്‍ നില്‍ക്കുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments