ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമോ ? കണ്ടെത്തിയ മൃതദേഹം ഷെറിന്റേതു തന്നെയാണോ ? മൃതദേഹം ഷെറിന്‍റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണോ വെസ്‍ലി മാത്യൂസ് മൊഴി മാറ്റിയത് പോലീസിനെ അലട്ടുന്ന ചോദ്യങ്ങൾ നിരവധിയാണ്. ഷെറിൻ കാണാതായ കേസില്‍ ദുരൂഹതകളുടെ മാറാല നീക്കി കൊണ്ട് പുതിയ വെളിപ്പെടുത്തൽ.
മലയാളിയായ വളർത്തച്ഛൻ വെസ്‍ലി മാത്യൂസിനെ പോലീസ് നിരന്തരമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. അയാൾ കുട്ടിയെ ബലാൽക്കാരമായി പാൽ കുടിപ്പിച്ചപ്പോൾ ഷെറിൻ മരിച്ചുവെന്നാണ് വെസ്‌ലി പൊലീസിന് നൽകിയ പുതിയ മൊഴി. ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോർട്ട് . പാൽ കുടിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഷെറിന് ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി നൽകിയിട്ടുണ്ട്. ചോദ്യം ചെയ്തപ്പോൾ ലഭിച്ച പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ വെസ്‌ലി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു വെസ്ലി നൽകിയ ആദ്യമൊഴി. തുടർന്ന് വെസ്‍ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്‍റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണു വെസ്‍ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളാണ്. കണ്ടെത്തിയ മൃതദേഹം ഷെറിന്റേതു തന്നെയാണെന്നാണു പൊലീസിന്റെ നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടിൽനിന്ന് അഞ്ചു മൊബൈൽ ഫോണുകൾ, മൂന്നു ലാപ്ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.