ഇന്ത്യന്‍ ടീം കണ്ട മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ മഹേന്ദ്ര സിംഗ് ധോണിയുടെ മകള്‍ സിവയാണ് ഇപ്പോൾ താരം. ധോണിയെ ബെസ്റ്റ് ഫിനിഷര്‍ ആയാണ് ക്രിക്കറ്റ് പ്രേമികൾ കാണുന്നത്. എന്നാല്‍ ഇപ്പോള്‍ സ്കോർ ചെയ്യുന്നത് ധോണിയല്ല, മറിച്ച് ധോണിയുടെ മകള്‍ സിവയാണ് . പ്രത്യേകിച്ചും മലയാളികളുടെ മനസ്സിൽ സിവിയ സ്ഥാനം പിടിച്ചിരിക്കുകയാണ്. ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ’ എന്നു തുടങ്ങുന്ന മലയാളികളുടെ ഇഷ്ടഗാനം പാടിയാണ് കുഞ്ഞു സിവ ഏവരുടെയും കണ്ണിലുണ്ണിയായത്.
എം എസ് ധോണി തന്നെയാണ് മകളുടെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. പാടിയത് മലയാളം പാട്ടാണെങ്കിലും ഭാഷാഭേദമന്യേ വീഡിയോ പ്രചരിക്കുന്നുണ്ട്. ധോണിയുടെ മകള്‍ മലയാളം പാട്ട് ആലപിച്ചതിന്റെ ത്രില്ലിലാണ് മലയാളികള്‍. ഇതിനോടകം ഇതുമായി ബന്ധപ്പെട്ട ട്രോളുകള്‍ വരെ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ധോണി ഇന്നേ വരെ മലയാളം സംസാരിച്ചതായി ആർക്കും അറിയില്ല. അപ്പോള്‍ ആരാണ് സിവയെ മലയാളം പാട്ടു പഠിപ്പിച്ചതെന്ന് അന്വേഷണം സോഷ്യല്‍ മീഡിയയിൽ നടന്നുകൊണ്ടിരിക്കുകയാണ്.