ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെ പിഴവ് കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡിഗ്രി വിദ്യാര്‍ത്ഥിയ്ക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബി.എസ്.സി കെമിസ്ട്രി മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായ ജി.അഖിലിനെയാണ് ഈ ആഗോള ബഹുമതി തേടിയെത്തിയത്. വിതുര സ്വദേശിയായ അഖില്‍ ഓട്ടോ ഡ്രൈവറായ ഗോപകുമാറിന്റെയും സുനികുമാരിയുടെയും മകനാണ്.
ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാള്‍ ഓഫ് ഫെയിം. ഈ ലിസ്റ്റില്‍ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാള്‍ ഓഫ് ഫെയിം പ്രത്യേക പേജില്‍ എന്നും നിലനിര്‍ത്തും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം (Google Vulnerabiltiy Reward Program) എന്നാണ് ഇതിനെ വിളിക്കുന്നത്.
തെറ്റു കണ്ടെത്തുന്നവര്‍ക്ക് ഗൂഗിള്‍ വന്‍തുക പ്രതിഫലവും നല്‍കുന്നുണ്ട്. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിര്‍ണ്ണയിക്കുന്നത്. 95 പേജുള്ള ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ 51ാം പേജിലാണ് അഖില്‍ ജി സ്ഥാനം നേടിയിരിക്കുന്നത്. പിഴവ് ചൂണ്ടിക്കാണിച്ചതിന് പ്രതിഫലം നല്‍കും മുന്‍മ്പെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതാണ് ഗൂഗിളിന്റെ രീതി.
ഗൂഗിളിന്റെ API പ്ലാറ്റ്‌ഫോമില്‍ ആണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. www.apigee.com എന്ന ഗൂഗിളിന്റെ API management and predictive analytics പ്ലാറ്റ്‌ഫോമില്‍ ക്രോസ് സൈറ്റ് സ്‌ക്രിപ്റ്റിങ് എന്ന ബഗ്ഗാണ് അഖില്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച് വ്യക്തമായ രേഖകള്‍ സഹിതം ഗൂഗിളിനെ അറിയിക്കുകയായിരുന്നു.
ബഗ്ഗ് കണ്ടെത്തുന്നതിന് മുന്‍ ഹാള്‍ ഓഫ് ഫെയിം പേജില്‍ പ്രൊഫൈല്‍ ഉണ്ടാക്കേണ്ടതുണ്ട്. ഈ പ്രൊഫൈല്‍ ഉപയോഗിച്ചാണ് ബഗ്ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ബഗ്ഗ് ഫിക്‌സ് ചെയ്യുന്നത് വരെ വ്യക്തമായ വിവരങ്ങള്‍ കൈമാറാന്‍ ഗൂഗിള്‍ അനുവദിക്കില്ല. ബഗ്ഗ് പ്രശ്‌നം തീര്‍ത്താല്‍ പ്രതിഫല തുക തീരുമാനിച്ച് കൈമാറുകയാണ് പതിവ്. അതേസമയം, ബഗ്ഗ് കണ്ടെത്തുന്നവര്‍ തന്നെ അത് പാച്ച് (പ്രശ്‌നം പരിഹരിക്കാനുള്ള വഴി) ചെയ്യാനുള്ള വഴിയും ഗൂഗിളിനു നല്‍കേണ്ടുതുണ്ട്.
എത്തിക്കല്‍ ഹാക്കിങ്ങിനെക്കുറിച്ച് മനസിലാക്കിയ ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി ഇതിനുള്ള ശ്രമത്തിലായിരുന്നെന്ന് അഖില്‍ പറയുന്നു. ഗൂഗിള്‍ അടുത്ത കാലത്ത് ഏറ്റെടുത്ത എ.പി.ഐ പ്ലാറ്റ്‌ഫോമായ എ.പി.ഐ.ജി.ഇ.ഇ സൈറ്റില്‍ ക്രോസ് സൈറ്റ് സ്‌ക്രിപ്റ്റിങ് എന്ന പ്രോഗ്രാം വഴിയാണ് അഖില്‍ ഹാക്കിങ് സാധ്യമാക്കിയത്. ആദ്യം പരാജയപ്പെട്ടെങ്കിലും പിന്നീട് വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ കഴിഞ്ഞെന്നും അഖില്‍ വ്യക്തമാക്കി.
സെക്യൂരിറ്റി റിസര്‍ച്ചറായ സുഹൃത്തിന്റെ ഉപദേശപ്രകാരം ഈ മാസം 15നാണ് ഗൂഗിള്‍ റിവാര്‍ഡ് പ്രോഗ്രാമില്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് 18ന് പിഴവ് സ്ഥിരീകരിച്ചതായും ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും ഗൂഗിള്‍ അറിയിക്കുകയായിരുന്നെന്ന് അഖില്‍ പറഞ്ഞു. അതേസമയം അഖിന് ലഭിക്കുന്ന പ്രതിഫല തുക എത്രയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല.
ബ്ലോഗര്‍ കൂടിയായ അഖിലിന് 4 സജീവമായ ബ്ലോഗുകള്‍ ഉണ്ട്. പ്രതിദിനം ആറുലക്ഷത്തോളം വായനക്കാര്‍ ആണ് അഖിലിന്റെ ബ്ലോഗുകള്‍ വായിക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളായി പരിചയസമ്പന്നര്‍ ആയ ബ്ലോഗേഴ്‌സ് അഖിലിനുവേണ്ടി വര്‍ക്ക് ചെയ്യുന്നുണ്ട്. ഗൂഗിളിനോടും ഇന്റര്‍നെറ്റിനോടുമുള്ള താല്പര്യം കൊണ്ടാണ് അഖില്‍ ടെക്‌നോളോജിയുമായി ബന്ധപ്പെട്ട ബ്ലോഗുകള്‍ നടത്തുന്നതെന്നും അഖില്‍ പറയുന്നു.