സയനൈഡ് മോഹന് കൊലക്കയർ;20 യുവതികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന്

suicide

20 യുവതികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സയനൈഡ് മോഹന്(മോഹന്‍കുമാര്‍) വധശിക്ഷ. 17ാമത്തെ കേസിലാണ് മംഗളൂരു ജില്ല സെഷന്‍സ് കോടതി മോഹന് വധശിക്ഷ വിധിച്ചത്. മൊത്തം കേസുകളില്‍ നാലാമത്തെ വധശിക്ഷയാണ് ഇയാള്‍ക്ക് ലഭിക്കുന്നത്.

പല കേസുകളിലായി 13 ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് നിലവില്‍ മോഹന്‍. 2005 ഒക്ടോബറില്‍ ബണ്ട്‌വാള്‍ ബലേപുനിയിലെ അങ്കണവാടി ജീവനക്കാരി ശശികലയെ വശീകരിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നെന്ന കേസിലാണ് ഇപ്പോഴത്തെ വധശിക്ഷ. മുന്‍പ്, ബണ്ട്വാള്‍ സ്വദേശികളായ വാമനപദവിലെ ലീലാവതി, ബരിമാറിലെ അനിത, സുള്ള്യ പെരുവാജെയിലെ സുനന്ദ എന്നീ യുവതികളെ കൊന്ന കേസുകളിലും മോഹന് വധശിക്ഷ വിധിച്ചിരുന്നു. 2003-2009 കാലയളവിലാണ് മംഗളൂരുവില്‍ ബണ്ട്‌വാള്‍ കന്യാനയിലെ കായിക അധ്യാപകനായ മോഹന്‍കുമാര്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഗര്‍ഭനിരോധന ഗുളികയെന്ന് തെറ്റിദ്ധരിപ്പിച്ച്‌ സയനൈഡ് നല്‍കി 20 യുവതികളെ കൊലപ്പെടുത്തിയത്. നാല് മലയാളികളും ഇയാളുടെ ഇരയായിട്ടുണ്ട്. എല്ലാ കേസുകളിലും വക്കീലിനെ വെക്കാതെ ഇയാള്‍ തനിച്ചാണ് കോടതിയില്‍ വാദിക്കുന്നത്.

മോഹനന്‍ നടത്തിയ 20 കൊലക്കേസുകളുടെയും വിചാരണ നടക്കുകയാണ്. 16 എണ്ണത്തിലും മോഹന്‍ കുറ്റക്കാരനാണെന്നു നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കാസര്‍കോട് ഉപ്പള സ്വദേശിനിയായ സംഗീത അധ്യാപിക പൂര്‍ണിമയെ കൊന്ന കേസില്‍ സെപ്റ്റംബര്‍ 25ന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചതാണു മുന്‍പത്തെ ശിക്ഷാവിധി. ഗര്‍ഭ നിരോധന ഗുളികയാണെന്നു പറഞ്ഞു സയനൈഡ് നല്‍കി കൊന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നു ഇയാളുടെ രീതി.

2007 മേയ് 29നാണു പൂര്‍ണിമയെ ബംഗളൂരു ഉപ്പാര്‍പേട്ട് കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്‍ഡിലെ വിശ്രമമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് ആദ്യം കരുതിയത്. 2010ല്‍ മറ്റൊരു കേസില്‍ അറസ്റ്റിലായ മോഹന്‍ കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതടക്കം 20 കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.

2007 ഏപ്രിലില്‍ ഉപ്പള ബസ് സ്റ്റാന്‍ഡിലാണ് ഇരുവരും പരിചയപ്പെടുന്നത്. കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥന്‍ സുധാകര്‍ ആചാര്യ എന്നാണു പരിചയപ്പെടുത്തിയത്. അടുപ്പം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി. പിന്നീട് സംഗീതം റെക്കോഡ് ചെയ്യാനെന്നു പറഞ്ഞു യുവതിയെ ബംഗളൂരുവില്‍ എത്തിച്ചു. ഹോട്ടലില്‍ തങ്ങിയ ശേഷം പിറ്റേന്നു രാവിലെ പൂജയ്ക്കു പങ്കെടുക്കാന്‍ പോകണമെന്നും ആഭരണങ്ങള്‍ അഴിച്ചു മുറിയിലെ അലമാരയില്‍ വയ്ക്കാനും മോഹന്‍ നിര്‍ദേശിച്ചു.

പൂജയ്‌ക്കെന്നു പറഞ്ഞു മുറിയില്‍ നിന്നിറങ്ങി. ഗര്‍ഭ നിരോധന ഗുളിക എന്ന പേരില്‍ നല്‍കിയതു സയനൈഡ് ഗുളിക. ഛര്‍ദിയും ക്ഷീണവും ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ വിശ്രമമുറിയില്‍ പോയി കഴിക്കാന്‍ ആവശ്യപ്പെട്ടു. ബസ് സ്റ്റാന്‍ഡിലെ വിശ്രമ മുറിയില്‍ ചെന്നു ഗുളിക കഴിച്ച ഉടന്‍ ഇവര്‍ കുഴഞ്ഞുവീണു മരിച്ചു. പിന്നാലെ മോഹന്‍ ഹോട്ടലിലെത്തി ആഭരണങ്ങളെടുത്തു നാട്ടിലേക്കു മടങ്ങി.

ഈ കേസിലാണു ഇതിനു മുന്‍പു കുറ്റക്കാരനായി കണ്ടെത്തിയത്. മംഗളൂരുവിലെ പ്രത്യേക വിചാരണ കോടതി കേസുകളുടെ കാഠിന്യമനുസരിച്ചു വധശിക്ഷയും ജീവപര്യന്തവും മാറിമാറി വിധിച്ചിട്ടുണ്ട്. പലപ്പോഴും തനിക്കെതിരായ കേസുകള്‍ ഒറ്റയ്ക്കു വാദിക്കുന്ന മോഹന്‍, ചില വധശിക്ഷകള്‍ പിന്നീടു ജീവപര്യന്തമാക്കി മാറ്റിയെടുത്തിട്ടുണ്ട്.