കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശനമായ നടപടികളും അന്വേഷണങ്ങളും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ ഇന്നു രാവിലെ നടന്ന പാസിംഗ്ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാനം ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ജനങ്ങളോട് നല്ലബന്ധം സ്ഥാപിക്കാൻ ഉതകുന്ന നിരവധി പുതിയ പരിഷ്കാരങ്ങൾ പോലീസ് സേനയിൽ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎപി നാലാം ബറ്റാലിയനിലെ 113 പോലീസുകാരും മലബാർ സ്പെഷൽ പോലീസിലെ 183 പോലീസുകാരും ഉൾപ്പടെ 296 പേരാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. കെഎപി നാലാം ബറ്റാലിയനിൽ നിന്നും പരിശീലനം കഴിഞ്ഞ പോലീസുകാരുടെ ഇരുപത്തിയാറാമത് ബാച്ചാണിത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എംഎൽഎ മാരായ ജയിംസ് മാത്യു, ടി.വി.രാജേഷ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ആംഡ് ബറ്റാലിയൻ എഡിജിപി സുധേഷ് കുമാർ, ആംഡ് ബറ്റാലിയൻ ഡിഐജി ഷെഫീൻ അഹമ്മദ്, എംഎസ്പി കമാൻഡന്റ് കെ.പി.ഫിലിപ്പ്, നാലാം ബറ്റാലിയൻ കമാൻഡന്റ് കോറി സഞ്ജയ് കുമാർ ഗുരുഡിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.