അയോധ്യാ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി. അയോധ്യയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. അയോധ്യാ കേസ് വൈകിപ്പിക്കാനും ജഡ്ജിമാര്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് മോദി പറഞ്ഞു .ശനിയാഴ്ച നെഹ്രു കുടുംബത്തെ കടന്നാക്രമിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെയുള്ള രൂക്ഷ വിമര്‍ശനം.
രാജസ്ഥാനിലെ ആല്‍വാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രതികരണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും ഇത് ജനാധിപത്യത്തില്‍ അംഗീകരിക്കാനാവില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
നിയമ വ്യവസ്ഥയില്‍ കോണ്‍ഗ്രസ് ഭയത്തിന്റെ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും 2019ല്‍ ലോകസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ അയോധ്യ കേസിലെ വിധി കോണ്‍ഗ്രസ് വൈകിപ്പിക്കുകയാണെന്നും മോദി ആരോപിക്കുന്നു. ഇങ്ങനെയെല്ലാം ചെയ്യുന്നത് ജനാധിപത്യത്തില്‍ സ്വീകാര്യമാകുമെന്നും മോദി ചോദിക്കുന്നു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്‌പിയും ശിവസേനയും റാലികളും സമ്മേളനങ്ങളും നടത്തുന്നതിനിടെയാണ് മോദി അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. കോണ്‍ഗ്രസിന്റെ ഗരിബീ ഘഠാവോ മുദ്രാവാക്യവും ബാങ്കുകളുടെ ദേശീയവല്‍ക്കരണവും പരാജയപ്പെട്ടുവെന്നും മോദി ആരോപിച്ചിരുന്നു.