മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് തീവ്രവാദികളുടെ വ്യക്തി വിവരങ്ങള്‍ പുറത്തു വിട്ടു

hacker

പാകിസ്ഥാന്റെ സഹായത്തോടെ ഇന്ത്യന്‍ ദേശീയതക്കെതിരെ പ്രവര്‍ത്തിക്കുന്ന അന്‍പതില്‍ പരം പേരുടെ വിവരങ്ങള്‍ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന ഹാക്കിംഗ് ഗ്രൂപ്പ് പുറത്തുവിട്ടു. തീവ്രവാദികളുടെ വ്യക്തി വിവരങ്ങള്‍ , ഫോട്ടോകള്‍ കോള്‍ റിക്കോഡുകള്‍, മെസ്സേജുകള്‍ , ഇ മെയില്‍ വിവരങ്ങള്‍ ഫേസ്ബുക്ക് വിവരങ്ങള്‍ തുടങ്ങിയവയാണ് ഗ്രൂപ്പ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്.
നേരത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ സൈറ്റുകള്‍ ഹാക്ക് ചെയ്തതിന് പാക് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്ത ഗ്രൂപ്പാണ് മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ്. കഴിഞ്ഞ റിപ്പബ്‌ളിക്ക് ദിനത്തില്‍ ആശംസകള്‍ പാക് സൈറ്റുകളില്‍ വരെ വന്നു. ചില സൈറ്റുകളില്‍ വന്ദേമാതര ഗാനവും ഉള്‍പ്പെട്ടു . ഇന്ത്യയുടെ റിപ്പബ്‌ളിക്ക് ദിന സന്ദേശവുമായാണ് ചില പാക് സൈറ്റുകള്‍ ഉറക്കമുണര്‍ന്നത് തന്നെ . ഇതിനു പിന്നിലും ഈ ഗ്രൂപ്പായിരുന്നു. ഇന്ത്യയിലിരുന്നു കൊണ്ട് പാകിസ്ഥാനെ സഹായിക്കുന്നവരുടെ മുഖംമൂടീ വലിച്ചുകീറുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയ ഹാക്കര്‍ ഗ്രൂപ്പാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് . ഇന്ത്യന്‍ സൈറ്റുകളില്‍ ചിലതിനെ ഹാക്ക് ചെയ്യാതെ സംരക്ഷിക്കുന്നതും ഇവര്‍ തന്നെ . അതോടൊപ്പം ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകള്‍ തിരിച്ചെടുക്കാന്‍ സഹായിക്കുന്നുമുണ്ട് .സംസ്ഥാന സാമൂഹിക സുരക്ഷ മിഷന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ക്കും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് കനത്ത തിരിച്ചടി നല്‍കിയിരുന്നു. പാക് സര്‍ക്കാരിന്റെ ഇരുനൂറോളം വെബ്‌സൈറ്റുകള്‍ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് അന്ന് തകര്‍ത്തിരുന്നു.