കേരളം ഉടൻ തന്നെ നൂറു ശതമാനം ഡിജിറ്റല്‍ സംസ്ഥാനമായി മാറും; ഗവര്‍ണര്‍ പി. സദാശിവം

digital

രാജ്യത്തിനാകെ മാതൃകയായിക്കൊണ്ട്, താമസിയാതെതന്നെ സംസ്ഥാനം നൂറു ശതമാനം ഡിജിറ്റല്‍ സംസ്ഥാനമായി മാറുമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ഉയര്‍ന്ന മൊബൈല്‍, ഇന്റര്‍നെറ്റ് വ്യാപനവും ഡിജിറ്റല്‍ പൗരത്വവും ഡിജിറ്റല്‍ ജീവിതരീതിയും ഡിജിറ്റല്‍ കൊമേഴ്‌സും വിഭാവനം ചെയ്യുന്ന സംസ്ഥാനത്തിന്റെ വിവരസാങ്കേതികവിദ്യാനയം ഇതിന് സഹായകമാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ പവര്‍ഹൗസാവും കേരളമെന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശുഭവിശ്വാസം ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. റിപ്പബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വിവിധ സേനാവിഭാഗങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വികസനത്തെസംബന്ധിച്ച് സുപ്രധാനമായ മേഖലകളില്‍ സവിശേഷശ്രദ്ധ നല്‍കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി രാജ്യം മുന്നോട്ടുപോവുമ്പോള്‍ സംസ്ഥാനം ക്‌ളാസ് മുറികളെ ആധുനികവത്കരിച്ച് ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യസംസ്ഥാനമായി തീര്‍ന്നിരിക്കുകയാണ്. നൈപുണ്യവികസനത്തിന് സംസ്ഥാനത്ത് വിപുലമായ ശ്രദ്ധ ലഭിക്കുന്നത് സംതൃപ്തിയുണ്ടാക്കുന്നതാണ്.

മനുഷ്യവികസനസൂചികയിലെ ഉയര്‍ന്ന സ്ഥാനത്തിനു ഐക്യരാഷ്ടസഭയുടെ അംഗീകാരം ലഭിച്ച രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. മികച്ച ക്രമസമാധാന പാലനത്തിനും പൊതുവികസനസൂചികയിലെ ഉയര്‍ന്ന സ്ഥാനത്തിനും സംസ്ഥാനം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തില്‍ പ്രവാസി മലയാളികളുടെ പങ്ക് ഈയിടെ നടന്ന ലോകകേരളസഭയില്‍ സമുചിതമായി അംഗീകരിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി.സംസ്ഥാനത്തിന്റെ സവിശേഷ വികസനമാതൃക നിലനിര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയ മിഷനുകള്‍ നിര്‍ണായക ചുവടുകളുമായി പുരോഗമിക്കുകയാണ്. ഹരിതകേരളം മിഷന്‍ കൃഷിയിലും പരിസ്ഥിതി സംരംക്ഷണത്തിലും പുതിയ താത്പര്യം ഉണ്ടാക്കിയിട്ടുണ്ട്. ഉത്തരവാദിത്വ ടൂറിസമാണ് സംസ്ഥാനം തിളങ്ങുന്ന മാതൃക തെളിയിക്കുന്ന മറ്റൊരു മേഖല.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമാണ് നമ്മുടേത്. ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിച്ച ആദ്യസംസ്ഥാനമായതും ലൈംഗികകുറ്റവാളികളുടെ രജിസ്ട്രി ഉണ്ടാക്കിയതും ഇതിന് തെളിവാണ്.സ്ത്രീകള്‍ക്കായി സംസ്ഥാനം പ്രത്യേക വകുപ്പ് രൂപീകരിക്കുകയും ജെന്‍ഡര്‍ ബഡ്ജറ്റിങ് ആവിഷ്‌കരിക്കുകയും ചെയ്തു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ആരോഗ്യ,സാക്ഷരത, ഭവന മേഖലകളില്‍ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചതും മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയമായ മാതൃകയാണെന്ന് ഗവര്‍ണര്‍ എടുത്തുപറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സംസ്ഥാനം നല്‍കുന്ന പിന്തുണയും ഗവര്‍ണര്‍ എടുത്തുപറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഗ്രാമീണ വൈദ്യുതീകരണത്തിനായി ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാം ജ്യോതി യോജന നടപ്പാക്കുമ്പോള്‍ സംസ്ഥാനം ഒരുപടി മുന്നില്‍ രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായി മാറിയിരിക്കുന്നു.ഏറ്റവും വലിയ ഫ്‌ളോട്ടിങ് സൗരോര്‍ജ പ്‌ളാന്റ് സ്ഥാപിച്ചുകൊണ്ട് ആ മേഖലയ്ക്കും കേരളം ഉണര്‍വ് നല്‍കിയിരിക്കുകയാണ്. സമ്പൂര്‍ണ വിസര്‍ജ്ജന വിമുക്ത സംസ്ഥാനമായ, ജനസാന്ദ്രതയുള്ള ആദ്യസംസ്ഥാനമായി കേരളം മാറിയതും ഗവര്‍ണര്‍ എടുത്തുപറഞ്ഞു.

ക്ഷേമപദ്ധതികളും വിജ്ഞാനത്തിന്റെ വ്യാപകമായ പങ്കുവയ്ക്കലുംകൊണ്ട് ആഗോളശ്രദ്ധ നേടിയ സംസ്ഥാനത്തിന്റെ പുതിയ വികസനമാതൃക സംബന്ധിച്ച പ്രത്യാശകള്‍ പൂര്‍ത്തീകരിക്കാനായി ഈസ് ഓഫ് ഡൂയിങ് ബിസിനസും നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതും ഉറപ്പാക്കി നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്തുകയാവണം നമ്മുടെ ലക്ഷ്യം. സമൂദായികവും രാഷ്ടീയവുമായ പകയ്ക്കും ഭീതിക്കും ഒരു ജനാധിപത്യസമൂഹത്തില്‍ ഇടമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. നമ്മുടെ ഐക്യത്തെ തകര്‍ക്കാനുള്ള ഏതൊരു നേരിയ ശ്രമത്തിനെതിരെയും ജാഗരൂകരായിരിക്കാനും ഗവര്‍ണര്‍ ആഹ്വാനം ചെയ്തു.