15 വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയാതിരുന്നത് 15 മാസം കൊണ്ട് ചെയ്തുകാണിക്കും:മോദി
മണിപ്പൂരില്‍ പതിനഞ്ച് വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയാതിരുന്നത് 15 മാസം കൊണ്ട് ബിജെപി ചെയ്തുകാണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രി ഒക്റാം ഇബോബി ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.
പതിനഞ്ച് വര്‍ഷം മണിപ്പൂരിനെ തകര്‍ത്തതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണ്. മണിപ്പൂര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയാണ് ഇതിനുത്തരവാദി. കിഴക്കിന്റെ സ്വിറ്റ്സര്‍ലാന്‍ഡ് ആണ് മണിപ്പൂര്‍. എന്നാല്‍ ഒരിടത്തും വികസനം കാണാനില്ല. യുവാക്കള്‍ക്ക് തൊഴിലുമില്ല – മോദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.
കോണ്‍ഗ്രസിന് നിങ്ങള്‍ 15 വര്‍ഷം നല്‍കി, ബിജെപിക്ക് അഞ്ചു വര്‍ഷം തരണം. സമുദായങ്ങളെ പ്രീണിപ്പിച്ച് അവരില്‍ നിന്ന് ആനുകൂല്യം പറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനത്തുള്ള എല്ലാ സമുദായങ്ങള്‍ക്കും തുല്യ പരിഗണനയാണ് നല്‍കേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു. കൃഷിക്ക് ജലം, കുട്ടികള്‍ക്ക് വിദ്യാഭ്യാസം, യുവാക്കള്‍ക്ക് തൊഴില്‍, വൃദ്ധര്‍ക്ക് ആരോഗ്യ പരിരക്ഷ എന്നിവയാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നും മോദി വ്യക്തമാക്കി.
മണിപ്പൂരിന്റെ ഐക്യവും ജനങ്ങളുടെ ക്ഷേമവും സംസ്ഥാനത്തിന്റെ വികസനവുമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.