Tuesday, April 16, 2024
HomeKeralaആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ ഭൂതകാലം

ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ ഭൂതകാലം

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധു സ്‌കൂള്‍ പഠനകാലത്ത് മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു . പ്രണയെനെരാശ്യവും അപ്രതീക്ഷിതമായി പഠനം അവസാനിപ്പിക്കേണ്ടിവന്നതുമാണ് മധുവിന്റെ ജീവിതം താളം തെറ്റിച്ചത് . പിതാവ് മല്ലന്റെ മരണത്തെ തുടര്‍ന്ന് കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടി വന്നതോടെ പഠനം അവസാനിപ്പിച്ചു. രണ്ടു സഹോദരിമാരെയും അമ്മയേയും പോറ്റേണ്ട ഭാരം മധുവിന്റെ ചുമലിലായി. നാലാം ക്‌ളാസ്സ്‌ വരെ മധു പഠിച്ചത് ഊരില്‍നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള ശ്രീശങ്കര എന്ന സ്ഥലത്തെ കോണ്‍വെന്റ് സ്‌കൂളിലാണ്. തുടര്‍ന്ന് ഏഴാം ക്‌ളാസ്സ്‌ വരെ അടുത്തു തന്നെയുള്ള മറ്റൊരു സ്‌കൂളിലും പഠിച്ചു. പിതാവ് മരിച്ചതോടെ തൊഴില്‍ തേടിയിറങ്ങുകയായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കുകയായിരുന്നു ആദ്യ ഉപജീവനമാര്‍ഗം. പിന്നീട് ഐ.ടി.ഡി.പി. വഴി ആദിവാസികള്‍ക്കുള്ള തൊഴില്‍പരിശീലനത്തിനായി പാലക്കാട് മുട്ടിക്കുളങ്ങരയിലെത്തി. തടിപ്പണിയിലും നിര്‍മാണ തൊഴിലിലും പരിശീലനം നേടി. അവിടെവച്ച് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഈ ബന്ധം മനസിലാക്കിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചതോടെയാണ് മധു മനുഷ്യനെ ഭയന്നു തുടങ്ങിയത്. അതോടെ പെരുമാറ്റത്തിലും സംസാരത്തിലും അസ്വാഭാവികത പ്രകടമാക്കിയ മധുവിനെ അമ്മയും സഹോദരിമാരും കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയിലാക്കി. വര്‍ഷങ്ങളോളം ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. മനുഷ്യരെ വല്ലാതെ ഭയന്ന മധു പിന്നീട് ജീവിതം വനത്തിനകത്തേക്കു പറിച്ചുനടുകയായിരുന്നു.വര്‍ഷങ്ങളോളം ഒറ്റപ്പെട്ട പ്രദേശത്തെ മലമടക്കില്‍ കഴിഞ്ഞുകൂടി. വിശപ്പു സഹിക്കാനാകാതെ വരുമ്പോള്‍ മാത്രമാണ് ഭക്ഷണംതേടി പുറംലോകത്തേക്കു വന്നിരുന്നത്. ഓരോ തവണയും മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ അവനെ മര്‍ദിക്കുന്നതും പതിവായിരുന്നു. ഭയംമൂലം പാതിരാത്രിയിലാണ് പലപ്പോഴും പുറത്തിറങ്ങിയിരുന്നത്. ഒടുവില്‍ ആള്‍ക്കൂട്ടം മര്‍ദിക്കുമ്പോഴും വിശക്കുന്നുവെന്നു പറഞ്ഞ മധു വെള്ളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും കേള്‍ക്കാതെയാണ് ജനക്കൂട്ടം മധുവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments