ഉത്തരകൊറിയക്കെതിരെ യുദ്ധഭീഷണി ഉയര്‍ത്തി അമേരിക്കയുടെ അന്തര്‍വാഹിനി ദക്ഷിണകൊറിയന്‍ തീരത്തെത്തി. വിമാനവാഹിനിയായ കാള്‍ വിന്‍സണ്‍ നയിക്കുന്ന പടക്കപ്പലുകളുടെ വ്യൂഹത്തിലേക്കാണ് മിസൈല്‍ സംവിധാനമുള്ള യുഎസ്എസ് മിഷിഗണ്‍ എത്തുന്നത്. അമേരിക്കയും ദക്ഷിണകൊറിയയും പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയ കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അമേരിക്ക ആഗ്രഹിക്കുന്നെങ്കില്‍ ആണവയുദ്ധത്തിനും തങ്ങള്‍ തയ്യാറാണെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, അസാധാരണമായ സംഭവവികാസമൊന്നും ഇല്ലെന്ന് ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. ഉത്തരകൊറിയന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ദക്ഷിണകൊറിയ പറഞ്ഞു. കഴിഞ്ഞ 16ന് ഉത്തരകൊറിയ മിസൈല്‍ പരീക്ഷിച്ചിരുന്നു.
ഡോണള്‍ഡ് ട്രംപിനെ പരീക്ഷിക്കരുതെന്നും ക്ഷമയുടെ കാലം കഴിഞ്ഞെന്നുമാണ് ഇതിനോട് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് പ്രതികരിച്ചത്.
സൈന്യത്തിന്റെഎൺപത്തഞ്ചാം സ്ഥാപകദിനം ഉത്തരകൊറിയ ആഘോഷിക്കുമ്പോഴാണ് അമേരിക്കയുടെ പ്രകോപനം. മേഖലയില്‍ യുദ്ധഭീതി വിതയ്ക്കാനുള്ള അമേരിക്കയുടെ നീക്കത്തോട് ശക്തമായാണ് ഉത്തരകൊറിയ പ്രതികരിച്ചത്. തങ്ങള്‍ക്കെതിരെ ആണവായുധം പ്രയോഗിച്ചാല്‍ അതേരീതിയില്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് ഉത്തരകൊറിയന്‍ നേതൃത്വം അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ഇന്നലെ നടത്തിയ സൈനിക പരേഡിൽ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ അടക്കം വിവിധ തരത്തിലുള്ള മിസൈലുകൾ ഉത്തരകൊറിയ പ്രദർശിപ്പിച്ചിരുന്നു. ആണവ പരീക്ഷണം കൂടാതെ ആണവ യുദ്ധത്തിന് വരെ തയ്യാറാണെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയതും ആശങ്ക കൂട്ടി.