എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് ഡൽഹി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. സൗത്ത് ഡൽഹി, നോർത്ത് ഡൽഹി, ഈസ്റ്റ് ഡൽഹി എന്നീ മൂന്ന് കോർപറേഷനുകളിലും ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു ഭരണം നിലനിർത്തി.
ആകെയുള്ള 270 സീറ്റുകളിൽ 184 സീറ്റുകളും ബിജെപി നേടി. ഭരണകക്ഷിയായ ആംആദ്മി പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്. എഎപി 46 സീറ്റുകളാണ് നേടിയത്. 30 സീറ്റുകളോടെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനംകൊണ്ടു തൃപ്തിപ്പെട്ടു. ആറിടത്ത് സ്വതന്ത്ര സ്ഥാനാർഥികളും രണ്ടിടത്ത് ബിഎസ്പി സ്ഥാനാർഥികളും ഒരു സീറ്റിൽ സമാജ്വാദി പാർട്ടി സ്ഥാനാർഥിയും വിജയിച്ചു. ഇന്ത്യൻ നാഷണൽ ലോക്ദളിന് ഒരു സീറ്റു ലഭിച്ചു. 2012 ലെ തെരഞ്ഞെടുപ്പിൽ 272 ൽ 138 സീറ്റുകൾ ബിജെപി നേടിയിരുന്നു. ഡൽഹിയിൽ ബിജെപിക്ക് ഇത് ഹാട്രിക്ക് വിജയമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണ് ഡൽഹിയിലേതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചത് വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചാണെന്ന് ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ റായ് ആരോപിച്ചു. കോർപറേഷൻ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് മോദി തരംഗമല്ലെന്നും വോട്ടിംഗ് മെഷീൻ തരംഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡൽഹി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിസിസി അധ്യക്ഷൻ അജയ് മാക്കനും ഡൽഹിയുടെ ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് പി.സി.ചാക്കോയും സ്ഥാനമൊഴിഞ്ഞു.