Thursday, April 25, 2024
HomeNationalഹാക്കിങ് നടത്താതെ ആധാറിലെ ഏതു വിവരങ്ങളും ലഭിക്കും;ആന്ധ്ര സർക്കാർ വെട്ടിലായി

ഹാക്കിങ് നടത്താതെ ആധാറിലെ ഏതു വിവരങ്ങളും ലഭിക്കും;ആന്ധ്ര സർക്കാർ വെട്ടിലായി

ആധാറിലെ വിവരങ്ങൾ പുറത്തായെന്നു മാത്രമല്ല, അതിലെ വിവരങ്ങൾ ഉപയോഗിച്ചു ജനങ്ങളെ ‘തരംതിരിക്കുക’ കൂടി ചെയ്യുന്നുണ്ടെന്നു റിപ്പോർട്ട്. ആന്ധ്രപ്രദേശ് സർക്കാരാണ് ഇത്തവണ ആധാറിന്റെ ഇപ്പോൾ ആധാർ വിഷയത്തിൽ കുരുങ്ങിയിരിക്കുന്നത്. 1.3 ലക്ഷത്തോളം പേരുടെ ആധാർ വിവരങ്ങൾ ആന്ധ്ര ഭവന നിർമാണ കോർപറേഷന്റെ വെബ്സൈറ്റ് വഴി ചോർന്നു.  ഉപയോക്താക്കളുടെ ജാതി, മതം, ബാങ്ക് അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളും ചേർത്ത്  തയാറാക്കിയ ‘പ്രൊഫൈlലുകളൂം ’ ചോർന്നത് ആന്ധ്ര സർക്കാരിനു കനത്ത തിരിച്ചടിയായി. ജനങ്ങളുടെ ‘പ്രൊഫൈൽ’ തയാറാക്കാൻ ആധാറിലെ വിവരങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് യുഐഡിഎഐ(യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) തലവൻ സുപ്രീംകോടതിയിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ റിപ്പോർട്ട്. സംഭവം വിവാദമായതിനെത്തുടർന്നു വെബ്സൈറ്റ് അടച്ചുപൂട്ടി. എന്നാൽ ഈ പ്രശ്‌നത്തിൽ യുഐഡിഎഐയ്ക്കും കേന്ദ്ര സര്‍ക്കാരിനും കൈകഴുകി രക്ഷപെടനാവില്ലെന്നു സംഭവം പുറത്തുവിട്ട സൈബർ സുരക്ഷാ വിദഗ്ധൻ ശ്രീനിവാസ് കൊഡാലി പറഞ്ഞു. സംസ്ഥാനത്തെ തൊഴിലുറപ്പു പദ്ധതിയിൽ റജിസ്റ്റർ ചെയ്തവരുടെ ആധാർ വിവരങ്ങളും ചോർന്നതായുള്ള വിവരം പുറത്തുവന്നതോടെ വിവാദം കത്തിപ്പടരുകയാണ്. പദ്ധതിയിൽ ഉൾപ്പെട്ട 89 ലക്ഷത്തിലേറെ പേരുടെ വിവരങ്ങൾ ചോർന്നു. ഇതിന്റെ ‘സ്ക്രീൻഷോട്ടും’ ശ്രീനിവാസ് ട്വീറ്റ് ചെയ്തു. എൻ. ചന്ദ്രബാബു നായിഡു നയിക്കുന്ന ആന്ധ്ര സർക്കാർ  സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചുവെന്ന് അറിയിച്ചു. ആധാർ നമ്പർ ഉപയോഗിച്ചു വിവിധ വകുപ്പുകളിൽനിന്നു വിവരശേഖരണം നടത്തി തങ്ങളുടേതായ ഡേറ്റബേസ് തയാറാക്കിയെന്നാണ് ആന്ധ്ര സർക്കാരിനെതിരെയുള്ള വിമർശനം. മാത്രവുമല്ല ആധാറുമായി വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ചേർത്തിട്ടുണ്ട്. ഇതിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഐഎഫ്എസ്‌സി കോഡും മൊബൈൽ നമ്പറും കൂടാതെ വ്യക്തികളുടെ ലൊക്കേഷൻ വരെ തിരിച്ചറിയാനാകും. ഇതിനു സഹായിക്കുന്ന ‘ജിയോ ടാഗിങ്’ നടത്തിയിട്ടുള്ളതിനാലാണ് ഇത്തരത്തിൽ സാധിക്കുന്നത്. ഈ വിവരങ്ങൾ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയതിനാണ് ആന്ധ്രപ്രദേശ് സ്റ്റേറ്റ് ഹൗസിങ് കോർപറേഷൻ ഇപ്പോൾ കുരുക്കിൽ പെട്ടിരിക്കുന്നത്. ‘ഹാക്കിങ്’ പോലും നടത്താതെ ഏതു വിവരങ്ങളും ആർക്കു വേണമെങ്കിലും വെബ്സൈറ്റിൽനിന്നെടുക്കാമെന്നു ചുരുക്കം. 1.3 ലക്ഷത്തോളം പേരുടെ ആധാർ വിവരങ്ങൾ പരസ്യപ്പെടുത്തിയെന്നു മാത്രമല്ല 50 ലക്ഷത്തോളം പേരെ അവരുടെ ജാതി, മതം, താമസസ്ഥലം തുടങ്ങിയവ വഴി തരംതിരിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. വിവരങ്ങളെല്ലാം വെബ്സൈറ്റിൽ ‘സേർച്ച്’ ചെയ്തെടുക്കാനും സാധിക്കും. ഉദാഹരണമായി, ഗുണ്ടൂരിലുള്ള വിവിധ മതത്തിലും ജാതിയിലും ഉൾപ്പെട്ടവരുടെ വിവരങ്ങൾ വേണമെന്നിരിക്കട്ടെ, ആ മേഖലയിൽനിന്നു മാത്രം വിവരം ശേഖരിക്കാനുള്ള ഓപ്ഷനും വെബ്സൈറ്റിലുണ്ട്. ‘ആധാർ ഒരിക്കലും ജനങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനോ അവരുടെ മതപരമോ ജാതിപരമോ ആയ വിവരങ്ങൾ ശേഖരിക്കാനോ ഉപയോഗിക്കില്ലെന്നാണ് യുഐഡിഎഐ സുപ്രീംകോടതിയെ അറിയിച്ചത്. എന്നാൽ ആധാർ ഉപയോഗിച്ചു ജനങ്ങളുടെ പ്രൊഫൈൽ തയാറാക്കുകയാണ് ആന്ധ്ര ചെയ്തത്. ഇത് ആർക്കു വേണമെങ്കിലും ലഭിക്കാവുന്ന വിധമാണു ശേഖരിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് ഉൾപ്പെടെ വോട്ടർമാരുടെ പ്രൊഫൈൽ തയാറാക്കി വിവരം ദുരുപയോഗം ചെയ്യാനാകുമെന്നു ചുരുക്കം’–ശ്രീനിവാസ് പറയുന്നു. യുഐഡിഎഐ ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതു സംബന്ധിച്ച കർശന വ്യവസ്ഥകൾ ആധാർ നിയമത്തിൽ കൃത്യമായി പറയുന്നുണ്ട്. എന്നാൽ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ആധാർ ഉപയോഗിച്ചു തങ്ങളുടേതായ ഡേറ്റാബേസ് തയാറാക്കുന്നതു തുടരുകയാണ്. അതേസമയം, തങ്ങൾ ശേഖരിച്ചിരിക്കുന്ന ആധാർ വിവരങ്ങളടങ്ങിയ ഡേറ്റബേസ് സുരക്ഷിതമാണെന്നാണു യുഐഡിഎഐയുടെ വാദം. ഇത്തവണയും ആന്ധ്ര സർക്കാരിന്റെ ഡേറ്റബേസാണു ചോർന്നതെന്നാണു യുഐഡിഎഐ പറയുന്നത്. എന്നാൽ ഉത്തരവാദിത്വത്തിൽനിന്ന് യുഐഡിഎഐയ്ക്ക് അത്ര എളുപ്പം ഒഴിയാനാകില്ലെന്ന് സൈബർ വിദഗ്ധരും വ്യക്തമാക്കുന്നു. ആധാറിന്റെ ‘യുണിക്’ നമ്പറുമായി എന്തൊക്കെ കാര്യങ്ങൾ ബന്ധപ്പെടുത്തിയിരിക്കുന്നുവെന്നതിനെക്കുറിച്ചു യുഐഡിഎയ്ക്കു യാതൊരു ധാരണയുമില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്– ശ്രീനിവാസ് പറയുന്നു. ഇതാദ്യമായിട്ടല്ല ഇത്തരമൊരു ചോർച്ച, അവസാനത്തേതുമായിരിക്കില്ല. വേണമെങ്കിൽ എല്ലാ വിവരങ്ങളും ‘ഷീറ്റ്’ ആയി ഡൗൺലോഡ് ചെയ്തെടുക്കാൻ വരെ സാധിക്കുകമായിരുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ആധാർ നമ്പർ പുറത്തുവിട്ടതു മാത്രമാണു പരിഹരിച്ചത്. ജനങ്ങളുടെ മറ്റുവിവരങ്ങൾ ഇപ്പോഴു വെബ്സൈറ്റിൽ ലഭ്യമാണ്. ഇതും സ്വകാര്യതയുടെ ലംഘനമാണെന്നോർക്കണം– ശ്രീനിവാസ് പറഞ്ഞു. ‘പീപ്പിൾസ് ഹബ്’ എന്ന പേരിൽ ആന്ധ്ര സർക്കാർ 2017ൽ ആരംഭിച്ച പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങളാണ് ഇപ്പോൾ ചോർന്നിരിക്കുന്നത്. പദ്ധതിയുടെ ഗുണഫലം ജനങ്ങളിലേക്കെത്തിക്കാനെന്ന പേരിൽ 29 സർക്കാർ വകുപ്പുകളിൽനിന്നുള്ള വിവരങ്ങൾ ആധാർ നമ്പർ ഉപയോഗിച്ചു കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഗുണഭോക്താക്കളുടെ മാത്രമല്ല, ഇതിന്റെ ഭാഗമായി നടത്തിയ സർവേയിൽ ഉൾപ്പെട്ട എല്ലാവരുടെയും വിവരങ്ങൾ ഇത്തരത്തിൽ ചേർത്തിട്ടുണ്ട്. ഇതിലാകട്ടെ ഉപയോക്താവിന്റെ പിതാവിന്റെ പേര്, വിലാസം, പഞ്ചായത്ത്, ജാതി, മതം, ജോലി, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് ബ്രാഞ്ച്, ഐഎഫ്എസ്‌സി കോഡ്, റേഷൻ കാർഡ് നമ്പർ, ആധാർ നമ്പർ തുടങ്ങിയ നിർണായക വിവരങ്ങളുമുണ്ടായിരുന്നു. ഈ വിവരങ്ങളെല്ലാം ശേഖരിച്ചു ബാങ്കിൽനിന്നാണെന്നോ മറ്റോ പറഞ്ഞു വിളിച്ചു വിശ്വാസം സമ്പാദിച്ചു പണം തട്ടൽ ഉൾപ്പെടെ എളുപ്പത്തിൽ സാധിക്കുമെന്ന പ്രശ്നവുമുണ്ട്. കുട്ടികളുടെ വിവരങ്ങളും ഇത്തരത്തിൽ ചോർന്നതാണു മറ്റൊരു പ്രശ്നം. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ ആധാർ നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണെന്ന പ്രശസ്തിയിൽ നിൽക്കുമ്പോഴാണ് ആന്ധ്രയ്ക്കു തിരിച്ചടിയായി പുതിയ വിവാദം. കഴിഞ്ഞ വർഷം മേയിലും നാലു സർക്കാർ വെബ്സൈറ്റുകളിലൂടെ രാജ്യത്തെ 13.5 കോടി പേരുടെ ആധാർ വിവരങ്ങൾ ചോർന്നതായി സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസൈറ്റി റിപ്പോർട്ട് ചെയ്തിരുന്നു. ആന്ധ്രയിൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെട്ട രണ്ടു കോടി പേരുടെ വിവരങ്ങൾ അന്നു ചോർന്നതായും റിപ്പോർട്ടിലുണ്ടായിരുന്നു. ആധാർ നിയമപ്രകാരമാണു പ്രവർത്തനമെങ്കിലും ആന്ധ്രയ്ക്കു സംസ്ഥാനത്തിന്റേതായ ഒരു ‘ഡേറ്റ നിയമമുണ്ട്’. 2017 മേയിലെ ഡേറ്റ ചോർച്ചയെത്തുടർന്നു നിയമസഭ പാസാക്കിയ ‘ദി ആന്ധ്രപ്രദേശ് കോർ ഡിജിറ്റൽ ഡേറ്റ അതോറിറ്റി (എഫക്ടീവ് ഡെലിവറി ഓഫ് ഇ–സർവീസസ്) ആക്ട്’ ആണത്. ‘യുണികോർ’ എന്ന പേരിൽ ആന്ധ്ര സർക്കാരിന്റെ വക ആധാറിനു സമാനമായ ഒരു നമ്പറും തയാറാക്കിയിട്ടുണ്ട്. നിയമത്തിന്റെ നൂലാമാലകളിൽനിന്ന് എളുപ്പം ഊരിപ്പോരാനുള്ള വഴിയും ആന്ധ്ര തന്നെ തയാറാക്കിയിട്ടുണ്ടെന്നർഥം. കർണാടകയും ഈ ആക്ട് അതേപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആന്ധ്രയുടെ ‘ഡേറ്റാബേസ്’ മാതൃക മറ്റു സംസ്ഥാനങ്ങളും പിന്തുടരാനിരിക്കുകയാണെന്നതാണു പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments