ദീപങ്ങൾ മിഴി തെളിച്ചു. മലയാളക്കവിതകൾ നൃത്തച്ചുവടുകളായി മാറി. കേരളത്തിന്‍റെ ഗ്രാമീണമുഖം നിറഞ്ഞാടിയ നിറസന്ധ്യയിൽ ആയിരങ്ങളെ സാക്ഷി നിർത്തി സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷത്തിന് തുടക്കമായി. സമൂഹത്തിന്‍റെ വിവിധമേഖലയിലുളളവർ ആയിരം മൺചെരാതുകളിൽ ദീപം തെളിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.
നിങ്ങൾ എന്ത് ബദലാണ് വയ്ക്കുന്നതെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. നാടിന്‍റെ വികസനമാണ് തങ്ങളുടെ ബദലെന്ന് പിണറായി പറഞ്ഞു. ഞങ്ങളെ വിമർശിക്കുന്നവർ ആ വഴിക്ക് പോകും. അത് ഞങ്ങളെ ബാധിക്കില്ല. ഈ നാടിനെ രക്ഷിക്കുന്ന ചുമതല ഞങ്ങൾ നിറവേറ്റുക തന്നെ ചെയ്യും. അതിന് ഈ നാട്ടിലെ മുഴുവൻ ജനങ്ങളുടെയും സഹായവും സഹകരണവും പിൻതുണയുമുണ്ടാകണമെന്ന് പിണറായി അഭ്യർത്ഥിച്ചു.
ഒരു വർഷത്തിനിടയിൽ സർക്കാർ ചെയ്തതും ഇനി ചെയ്യാൻ പോകുന്നതുമായ കാര്യങ്ങൾ ഒന്നൊന്നായി മുഖ്യമന്ത്രി പറഞ്ഞപ്പോൾ ഹർഷാരവത്തോടെയാണ് സദസ് അതിനെ എതിരേറ്റത്. ജി.സുധാകരൻ ഒഴിച്ചുള്ള മന്ത്രിമാരെല്ലാം ചടങ്ങിലുണ്ടായിരുന്നു. മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ മാത്യു ടി. തോമസ്, രാമചന്ദ്രൻ കടന്നപ്പളളി, തോമസ് ചാണ്ടി എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പ്രയത്നിച്ച വാട്ടർ അതോറിട്ടി എം.ഡി ഷൈനാമോൾ അടക്കമുള്ളവരെ മുഖ്യമന്ത്രി ഉപഹാരം നൽകി അനുമോദിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതവും ചീഫ് സെക്രട്ടറി നളിനി നെറ്റോ നന്ദിയും പറഞ്ഞു. തുടർന്ന് ബാലഭാസ്കർ, മട്ടന്നൂർ ശങ്കരൻകുട്ടി, രഞ്ജിത്ത് ബാരോട്ട്, ഫസൽ ഖുറേഷി എന്നിവർ ചേർന്ന് അവതരിപ്പിച്ച ബിഗ് ബാൻഡ് സദസിനെ കോരിത്തരിപ്പിച്ചു.