ഗര്‍ഭഛിദ്ര നിരോധന നിയമം;പ്രതിഷേധം ശക്തമാകുന്നു

baby - abortion

ഗര്‍ഭഛിദ്ര നിരോധന നിയമം പാസാക്കിയതിനെ തുടര്‍ന്ന് അലബാമ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. അലബാമ സംസ്ഥാനത്താകെ പരക്കെ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. വിവിധയിടങ്ങളില്‍ നടന്ന പ്രതിഷേധറാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. അവളുടെ ശരീരം അവളുടെ തീരുമാനം എന്ന പ്രതിഷേധ മുദ്രാവാക്യവുമായാണ് ബിര്‍മിങ്ഹാം സിറ്റി, അനിസ്റ്റണ്‍, ഹണ്ട്‌സ്‌വില്ല എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ ആളുകള്‍ പങ്കെടുത്തത്.സ്ത്രീയുടെ ജീവന് ഭീഷണിയാകുന്ന സന്ദര്‍ഭത്തില്‍മാത്രം ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുന്ന വിവാദനിയമം ആറിനെതിരെ 25 വോട്ടിനാണ് സൈനറ്റ് പാസാക്കിയത്. 10 മുതല്‍ 99 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഗര്‍ഭഛിദ്രമെന്ന് നിയമത്തില്‍ പറയുന്നുണ്ട്. പീഡിപ്പിക്കപ്പെട്ടവരെയും നിയമത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മനുഷ്യാവകാശ സംഘടനകളുള്‍പ്പെടെ രംഗത്തുവന്നിരുന്നു.നിയമത്തില്‍ ഇളവ് നല്‍കണമെന്നാവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്ത് വന്നിരുന്നു. അമ്മയുടെ ആരോഗ്യത്തിന് എന്തെങ്കിലും അപകടം ഉണ്ടെങ്കില്‍ മാത്രമേ ഗര്‍ഭഛിദ്രം അനുവദിക്കാവൂ എന്നാണ് അലബാമ സംസ്ഥാനം പാസാക്കിയ നിയമം. എന്നാല്‍ ബലാത്സംഗം, രക്തബന്ധമുള്ളവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം എന്നിവ മൂലം ഗര്‍ഭം ധരിച്ചാല്‍ ഗര്‍ഭഛിദ്രം അനുവദിക്കണം എന്നാണ് ട്രംപിന്റെ നിലപാട്. ട്വിറ്ററിലൂടെയാണ് ട്രംപ് തന്റെ നിലപാട് പ്രഖ്യാപിച്ചത്.