ബംഗളൂരുവിന് പിന്നാലെ ഇനി കേരളത്തിലും പെട്രോളും ഡീസലും വീട്ടുപടിക്കലെത്തും. കേരളത്തില്‍ റിലയന്‍സ് കമ്പനിക്കു മൊബൈല്‍ പമ്പുകള്‍ അനുവദിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ പമ്പുകള്‍ അനുവദിക്കണമെന്നു കാട്ടി റിലയന്‍സ് അധികൃതര്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു നല്‍കിയ അപേക്ഷയില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ പെട്രോളും ഡീസലും വീട്ടിലെത്തിക്കുന്ന മൊബൈല്‍ പമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ജൂലായ് മാസം ആദ്യം കേരളത്തില്‍ മൊബൈല്‍ പമ്പുകള്‍ക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനു വേണ്ട മുന്നൊരുക്കങ്ങളും റിലയന്‍സ് നടത്തിക്കഴിഞ്ഞു. പമ്പുകള്‍ക്കായി 950 ലിറ്റര്‍ വീതം ശേഷിയുള്ള 20 മൊബൈല്‍ യൂണിറ്റുകളും റിലയന്‍സ് തയ്യാറാക്കിയിട്ടുണ്ട്. രാജ്യത്ത് എവിടെയെങ്കിലും ഇത്തരം സംവിധാനം തുടങ്ങിയാല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുമതി നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചിരുന്നതിനു പിന്നാലെയാണ് റിലയന്‍സ് പ്രസ്തുത മേഖലയിലേക്കിറങ്ങിയത്.
കേരളത്തിന്റെ ഭൂപ്രകൃതിയും അന്തരീക്ഷവും മൊബൈല്‍ പമ്പുകള്‍ക്കു ചേര്‍ന്നവയെന്നാണ് റിലയന്‍സിന്റെ വിലയിരുത്തല്‍. സ്ഥലവിസ്തൃതി കുറഞ്ഞതും ജനസാന്ദ്രതയേറിയതുമായ സംസ്ഥാനമാണ് കേരളം. ചന്തകള്‍, ആശുപത്രികള്‍, കോളജുകള്‍, ഹൗസിംഗ് കോളനികള്‍ തുടങ്ങിയവയില്‍ ഇത്തരം പമ്പുകള്‍ വ്യാപിപ്പിക്കാമെന്നാണ് പ്രതീക്ഷ.
ചരക്കുവണ്ടിയില്‍ ഉറപ്പിക്കുന്ന ഇന്ധന ടാങ്കും ചെറിയ ഡിസ് പെന്‍സിങ് പമ്പുമുണ്ടെങ്കില്‍ വിജയകരമായി മൊബൈല്‍ പമ്പുകള്‍ നടത്താനാകും. ജീവനക്കാരായി ഡ്രൈവറും സഹായിയും മാത്രം മതിയെന്ന പ്രത്യേകതയുമുണ്ട്. അതേസമയം പമ്പില്‍ പോയി പെട്രോള്‍ നിറയ്ക്കുമ്പോള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതലായി ചെറിയ സേവന നിരക്ക് കൂടി ജനങ്ങള്‍ നല്‍കേണ്ടിവരും. അതുപോലെ കുപ്പിയില്‍ പെട്രോള്‍ നല്‍കില്ലെന്ന വ്യവസ്ഥയും ഇനിമുതല്‍ കര്‍ശനമാക്കും.
രാജ്യത്ത് പുതിയതായി മന്ത്രാലയം തുറക്കാന്‍ തീരുമാനിച്ച 5000 പെട്രോള്‍ പമ്പുകളില്‍ 2000ത്തോളം മൊബൈല്‍ യൂണിറ്റുകളാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.