റമസാനോട് അനുബന്ധിച്ച് വൈറ്റ്ഹൗസിൽ ഇഫ്താർ വിരുന്നൊരുക്കുന്ന പാരമ്പര്യം അവസാനിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടു നൂറ്റാണ്ടായി യുഎസ് പ്രസിഡന്റുമാർ തുടർന്നുവന്ന രീതിയാണ് ഇത്തവണ ഇഫ്താർ വിരുന്ന് വേണ്ടെന്നുവച്ചതിലൂടെ ട്രംപ് നിർത്തലാക്കിയത്. വൈറ്റ്ഹൗസ് ആതിഥ്യം വഹിക്കുന്ന ഇഫ്താർ വിരുന്നിൽ യുഎസിലെ മുസ്‍ലിം സമൂഹത്തിൽപ്പെട്ട പ്രമുഖരും കോൺഗ്രസ് അംഗങ്ങളും മുസ്‍ലിം രാജ്യങ്ങളുടെ യുഎസിലെ സ്ഥാനപതികളുമാണ് പങ്കെടുക്കാറുള്ളത്.
അതേസമയം, ഈദുൽ ഫിത്ർ ആഘോഷിക്കുന്ന മുസ്‍ലിം മതവിശ്വാസികൾക്ക് ഹാർദ്ദവമായ ആശംസ നേർന്ന് ട്രംപും ഭാര്യ മെലാനിയയും പ്രസ്താവന ഇറക്കുകയും ചെയ്തു. നോമ്പിന്റെ പുണ്യമാസത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾക്കൊപ്പം യുഎസിലെ മുസ്‍ലിം സഹോദരങ്ങളും വിശ്വാസത്തിലും കാരുണ്യപ്രവർത്തികളിലും ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. അയൽക്കാർക്ക് സഹായഹസ്തം നീട്ടുകയും ജീവിതത്തിന്റെ നാനാതുറകളിൽപ്പെട്ടവർക്കൊപ്പം ഭക്ഷണം പങ്കുവയ്ക്കുകയും ചെയ്യുന്ന പാരമ്പര്യം തുടർന്ന്, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം അവർ ഈദുൽ ഫിത്ർ ആഘോഷിക്കുന്നു – പ്രസ്താവനയിൽ പറയുന്നു.
1805ൽ അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്സനാണ് വൈറ്റ്ഹൗസിൽ ആദ്യമായി ഇഫ്താർ വിരുന്നൊരുക്കിയത്. പിന്നീട് 1996ൽ ബിൽ ക്ലിന്റന്റെ ഭരണകാലത്താണ് ഇതൊരു പതിവാക്കി മാറ്റിയത്. ക്ലിന്റനുശേഷം വന്ന ജോർജ് ഡബ്ല്യൂ.ബുഷ്, ബറാക് ഒബാമ എന്നിവർ വൈറ്റ്ഹൗസിൽ ഇഫ്താർ വിരുന്നൊരുക്കുന്ന പതിവു തുടരുകയും ചെയ്തു. യുഎസിനെ ഒന്നാകെ ഉലച്ചുകളഞ്ഞ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷംപോലും ഇഫ്താർ വിരുന്നൊരുക്കുന്ന പതിവ് വൈറ്റ്ഹൗസ് നിർത്തലാക്കിയിരുന്നില്ല. തങ്ങളുടെ പോരാട്ടം ഇസ്‌ലാമിനെതിരെയല്ല, ഭീകരവാദത്തിനെതിരെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്നത്തെ പ്രസിഡന്റ് ജോർജ് ഡബ്ല്യു.ബുഷ് ഈ പതിവു തുടർന്നത്.