മൊബൈൽ ജാമറുകൾക്ക് നേരെ തടവുകാരുടെ ഉപ്പ് പ്രയോഗം…

prison

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. ജയിലിലെ മൊബൈല്‍ ജാമറുകള്‍ തടവുകാര്‍ ഉപ്പ് ഉപയോഗിച്ച്‌ തകരാറിലാക്കി. 12 വര്‍ഷം മുമ്ബ് സ്ഥാപിച്ച ജാമറുകളാണ് തകരാറിലായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമായപ്പോഴാണ് 2007ല്‍ ജാമര്‍ സ്ഥാപിച്ചത്.

വിവിധ ബ്ലോക്കുകള്‍ വഴിയാണ് ടവറിനു സമീപം സ്ഥാപിച്ച ജാമറിന്റെ കേബിളുകള്‍ സ്ഥാപിച്ചത്. ഇതു മുറിക്കാനാണ് തടവുകാര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍, കേബിളുകള്‍ വീണ്ടും ഘടിപ്പിച്ചു. ജാമറിന്റെ പ്രധാന യന്ത്രഭാഗങ്ങള്‍ മണ്ണിനടിയിലായിരുന്നു. ഇതു നശിപ്പിച്ചാല്‍ ജാമര്‍ കേടാക്കാന്‍ കഴിയുമെന്നു മനസിലാക്കിയ തടവുകാര്‍ അതിനുള്ള ശ്രമം തുടങ്ങുകയായിരുന്നു.
ഉപ്പിട്ടാല്‍ ജാമര്‍ തകരാറിലാക്കാമെന്ന് തടവുകാരിലെ സാങ്കേതിക വിദഗ്ധരിലൊരാള്‍ ഉപദേശിച്ചു. അങ്ങനെ ഭക്ഷണത്തിനൊപ്പം കിട്ടുന്ന ഉപ്പ് ഓരോരുത്തരായി ശേഖരിച്ചു തുടങ്ങി. ജയില്‍ അടുക്കളയില്‍ നിന്ന് ഉപ്പ് ചെറിയ അളവില്‍ മോഷ്ടിക്കുകയും ചെയ്തു. ദിവസങ്ങളെടുത്താണ് ഉപ്പ് ശേഖരണം പൂര്‍ത്തിയാക്കിയത്.