പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ ബിനോയ് കോടിയേരിയെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

binoy kodiyeri

ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ ബിനോയ് കോടിയേരിയെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. യുവതി നല്‍കിയ പരാതിയില്‍ ബിനോയ്‌ക്കെതിരെ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചതിനു പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി കെഎം ടോമിക്ക് യൂത്ത് കോണ്‍ഗ്രസ് കുതിരപ്പന്തി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഹസനാണ് പരാതി നല്‍കിയത്.

കേരള പോലീസ് ബിനോയ് കോടിയേരിയെ കണ്ടെത്തി മുംബൈ പോലീസിന് കൈമാറണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നത്. അതേസമയം മുന്‍ ആഭ്യന്തരമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മകനെ കാണാതായത് ഗൗരവത്തോടെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് മുംബൈ പോലീസ് ബിനോയ് കോടിയേരിയെ അന്വേഷിച്ച്‌ കേരളത്തില്‍ എത്തിയെങ്കിലും കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ അറസ്റ്റ് ഒഴിവാക്കവന്‍ ബിനോയ് വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയും ശക്തമാണ്. നാളെ മുംബൈ സെഷന്‍സ് കോടതി ബിനോയിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഉത്തരവ് പറയുന്ന പശ്ചാത്തലത്തിലാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.