ഇന്ത്യയില്‍ ബിരുദ ദാന ചടങ്ങില്‍ ഇനി യൂറോപ്യന്‍ വേഷം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

european graduation dress

രാജ്യത്തെ സര്‍വകലാശാലകളില്‍ ബിരുദ ദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ഇതുവരെ അണിഞ്ഞിരുന്ന വേഷത്തിന് മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ യൂറോപ്യന്‍ രീതിയിലാണ് ബിരുദ ദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ വേഷമണിഞ്ഞിരുന്നത്. എന്നാല്‍ ഇനിമുതല്‍ രാജ്യത്തെ സര്‍വകലാശാലകളില്‍ പരമ്പരാഗത കൈത്തറി വേഷങ്ങള്‍ ധരിക്കണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ (യുജിസി ) സര്‍വകലാശാലകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി.

വിദ്യാര്‍ത്ഥികള്‍ക്ക് ഇതുപോലുള്ള ചടങ്ങുകളില്‍ പരമ്പാരഗത ഇന്ത്യന്‍ കൈത്തറി വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഇന്ത്യന്‍ പൗരനെന്ന അഭിമാനമുണ്ടാകുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. യുജിസി രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സര്‍വകലാശാലകള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഇതുവരെ ബിരുദ ദാന ചടങ്ങില്‍ ബ്രിട്ടീഷ് രീതിയാണ് ഇന്ത്യ പിന്തുടര്‍ന്നിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ആ ശൈലി മാറ്റാനുള്ള സമയമായെന്ന് ഉന്നത യു ജി സി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഓരോ സംസ്ഥാനങ്ങളിലും പരമ്പരാഗത വേഷങ്ങള്‍ ബിരുദദാന ചടങ്ങില്‍ ധരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം നടന്ന ഹമിര്‍പുര്‍ എന്‍ ഐ ടിയിലെ ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ പ്രാദേശിക വസ്ത്രം ധരിച്ചാണ് പങ്കെടുത്തത്.