ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ വിഷയം സിബിഐ അന്വേഷിക്കും

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലറ്റിക്ക ചോര്‍ത്തിയ വിഷയം സിബിഐ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി കൈക്കൊണ്ടു . വ്യക്തികളുടെ ഫേസ്ബുക്ക് പ്രാഫൈലിലെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത് . കേന്ദ്ര ഐടി മന്ത്രാലയമാണ് ഇത് സംബന്ധിച്ച്‌ അന്വേഷണത്തിന് സിബിഐയോട് ഉത്തരവിട്ടത്. ഇന്ത്യന്‍ ഐടി നിയമം കേംബ്രിഡ്ജ് അനലറ്റിക്ക ലംഘിച്ചിട്ടുണ്ടോ എന്ന് സിബിഐ പരിശോധിക്കുമെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ തടയുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിരന്തരം അയച്ച സന്ദേശങ്ങള്‍ക്ക് കമ്പനി മറുപടി നല്‍കിയിരുന്നില്ല. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലറ്റിക്ക നിയമവിരുദ്ധമായി ചോര്‍ത്തി ദുരുപയോഗം ചെയ്തിട്ടുണ്ടാവുമെന്ന് മന്ത്രി പാര്‍ലമെന്റില്‍ സംശയം പ്രകടിപ്പിച്ചു.