Sunday, October 6, 2024
HomeKeralaജോസഫ് മോര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയാകും

ജോസഫ് മോര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയാകും

ജോസഫ് മോര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനത്തേക്ക്. ഇപ്പോള്‍ കൊച്ചി ഭദ്രാസനാധിപനായ അദ്ദേഹം 28 ന് സഭാകേന്ദ്രമായ പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. നേരത്തേ സഭാസമിതികളും എപ്പിസ്‌ക്കോപ്പല്‍ സിനഡും മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ തിരഞ്ഞെടുത്തിരുന്നു.

ബുധനാഴ്ച നടക്കുന്ന മലങ്കര അസോസിയേഷന്‍ പ്രതിനിധികളുടെ യോഗമാണ് മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയെ അന്തിമമായി തിരഞ്ഞെടുക്കുന്നത്. ഇതിലേക്കുള്ള നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാനദിനം കഴിഞ്ഞിട്ടും മറ്റാരും രംഗത്തില്ല. നേരത്തെ, സിനഡില്‍ നടന്ന വോട്ടെടുപ്പില്‍ മോര്‍ ഗ്രിഗോറിയോസ് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ശ്രേഷ്ഠ കാതോലിക്ക ബാവ ഡോ. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയാണ് നേരത്തേ മെത്രാപ്പോലീത്ത സ്ഥാനം വഹിച്ചിരുന്നത്. തിരഞ്ഞെടുക്കപ്പെട്ട തനിക്കെതിരെ വൈദികട്രസ്റ്റി സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌ക്കോപ്പയും, അത്മായ ട്രസ്റ്റി സി.കെ. ഷാജി ചൂണ്ടയിലും മനോവേദനയുണ്ടാക്കുംവിധം സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നുവെന്ന് പാത്രിയര്‍ക്കീസ് ബാവയ്ക്ക് രാജിക്കത്തില്‍ വ്യക്തമാക്കി മെത്രാപ്പോലീത്തന്‍ ട്രസ്റ്റി പദവിയില്‍ നിന്ന് ബാവ സ്ഥാനത്യാഗം ചെയ്തിരുന്നു.

ഈ ഒഴിവിലാണ് മോര്‍ ഗ്രിഗോറിയോസ് നിയോഗിക്കപ്പെടുന്നത്. ബാവയുടെ സ്ഥാനത്യാഗം സഭയില്‍ പല വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ സഭാംഗങ്ങള്‍ ആര്‍ക്കെതിരെയും ദുഷ്പ്രചരണം നടത്തരുതെന്ന പാത്രിയര്‍ക്കീസ് ബാവ കേരള സന്ദര്‍ശനത്തിനൊടുവില്‍ കര്‍ശനനിര്‍ദ്ദേശം നല്കിയിരുന്നു.

സഭയിലെ ഭരണപരമായ ഏറ്റവും പ്രധാനമായ മൂന്നാമത്തെ സ്ഥാനത്തേക്കാണ് മാര്‍ ഗ്രിഗോറിയോസ് ഇപ്പോള്‍ എത്തുന്നത്. ദീര്‍ഘകാലം എപ്പിസ്‌ക്കോപ്പല്‍ സിനഡ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം മലങ്കര സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കുടുംബാംഗമാണ്. മുളന്തുരുത്തി ചാത്തുരുത്തി പള്ളത്തിട്ട കുടുംബത്തില്‍ 1960 നവംബര്‍ 10 ന് ജനിച്ചു. 1984 മാര്‍ച്ച്‌ 25ന് വൈദികനായി. 1994 ജനുവരി 16 ന് മെത്രാഭിഷിക്തനായി. യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനില്‍ നിന്ന് ദൈവശാസ്ത്ര പഠനത്തില്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments