ഗൗരി ലങ്കേഷിന്റെ കൊലപാതകം;സി സി ടി വി ദൃശ്യങ്ങൾ അമേരിക്കയിലെ ലാബിൽ

gauri lankesh

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് സൂചനയുള്ള സിസിടിവി ദൃശ്യം അമേരിക്കയിലുള്ള ഡിജിറ്റല്‍ ലാബിന് കൈമാറി. അവ്യക്തമായ ദൃശ്യം വ്യക്തത വരുത്താനാണ് ലാബിന് കൈമാറിയത്. കൊലപാതക ദിവസം ഗൗരിയുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ചെങ്കിലും പ്രതികളെ കുറിച്ച സൂചന ലഭിച്ചിരുന്നില്ല. ഗൗരി ലങ്കേഷിന്റെ കൊലപാത കേസിന്റെ അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ് ഈ സിസിടിവി ദൃശ്യങ്ങള്‍.

എന്നാല്‍ ഇവയുടെ വ്യക്തതക്കുറവ് അന്വേഷണ പുരോഗതിക്ക് തടസ്സമാവുന്ന പശ്ചാത്തലത്തിലാണ് ഇവ ഡിജിറ്റല്‍ ലാബിന് കൈമാറിയത്. ദൃശ്യങ്ങളുടെ വിദഗ്ധ പരിശോധനയിലൂടെ അക്രമികളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ദൃശ്യങ്ങള്‍ വികസിപ്പിച്ച് വ്യക്തത വരുത്താനാണ് ശ്രമം. രണ്ട് ദിവസത്തിനുള്ളില്‍ ഡിജിറ്റല്‍ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൗരിയുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവിയിലെ മുഴുവന്‍ ദൃശ്യങ്ങളും ശേഖരിക്കാന്‍ സാധിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നേരത്തെ സമാനമായ കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ ചിത്രവുമായി പോലീസ് ഒത്തുനോക്കിയിരുന്നു. എന്നാല്‍ സംഘത്തിലുള്ളവരുടേയോ അവര്‍ ഉപയോഗിച്ച മോട്ടോര്‍ ബൈക്കിന്റേയോ കൃത്യമായ വിവരം പോലീസിന് ലഭിച്ചിട്ടില്ല.