ഒരേ ട്രാക്കിൽ മൂന്ന് ട്രെയിനുകള്‍; വന്‍ ദുരന്തം ഒഴിവായത് അവസാന നിമിഷം

train

മൂന്ന് ട്രെയിനുകള്‍ ഒരേ ട്രാക്കിലാണെന്ന് നേരത്തെ കണ്ടെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് സംഭവം. തുരന്തോ എക്‌സ്പ്രസ്, ഹാത്തിയ ആനന്ദ് വിഹാര്‍ എക്‌സ്പ്രസ്, മഹാബോധി എക്‌സ്പ്രസ് എന്നിവയാണ് ഒരേ പാളത്തില്‍ ഓടുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. അവസാന നിമിഷം മൂന്ന് വണ്ടികളും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഈ മാസം തന്നെ രാജ്യത്ത് ആറ് ട്രെയിന്‍ അപകടങ്ങളാണ് ഉണ്ടായത്. എന്നാല്‍ ഇതില്‍ നിന്നും അധികൃതര്‍ പാഠം പഠിച്ചിട്ടില്ലെന്നതാണ് സംഭവം വ്യക്തമാക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പേ ആഗ്ര ഗ്വാളിയോര്‍ പാസഞ്ചര്‍ ട്രയിന്‍ ആഗ്ര കന്റോണ്‍മെന്റിനടുത്ത് വച്ച് പാളംതെറ്റിയിരുന്നു. ആര്‍ക്കും അപകടം ഒന്നും സംഭവിച്ചില്ല. അടിക്കടിയുണ്ടാകുന്ന ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് സുരേഷ് പ്രഭു റെയില്‍വേ വകുപ്പ് ഒഴിവാക്കി തരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ റെയില്‍വേ വകുപ്പ് മന്ത്രിയായി പീയൂഷ് ഗോയലിനെ പ്രധാനമന്ത്രി നിയമിച്ചു. കഴിഞ്ഞ മാസം ഉത്കാല്‍ എക്‌സ്പ്രസ് പാളംതെറ്റി 24 പേര്‍ മരിക്കുകയും 156 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു