ഡാലസിലെ റിച്ചാഡ്‌സണില്‍ കലുങ്കിനടിയില്‍ നിന്നു കണ്ടെടുത്ത മൃതദേഹം മൂന്നുവയസുകാരി ഷെറിന്റേതാണെന്നു സ്ഥീരികരിച്ചതിനു പിന്നാലെ വളര്‍ത്തച്ഛന്‍ എറണാകുളം സ്വദേശി വെസ്‌ലി മാത്യൂസ് നല്‍കിയ പുതിയ വിശദീകരണത്തിലും ദുരൂഹത. പാല്‍ ശ്വാസനാളത്തില്‍ കയറി ശ്വാസംമുട്ടിയാണു കുഞ്ഞ് മരിച്ചതെന്നും പരിഭ്രാന്തി മൂലം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് വെസ്‌ലിയുടെ പുതിയ മൊഴി. എന്നാല്‍ കുഞ്ഞ് ശ്വാസംമുട്ടി പിടഞ്ഞിട്ടും നഴ്‌സ് കൂടിയായ ഭാര്യ സിനിയെ ഉറക്കത്തില്‍നിന്നു വിളിച്ചുണര്‍ത്താതിരുന്നതിനു വിശ്വസനീയമായ മറുപടി നല്‍കാന്‍ വെസ്‌ലിക്കു കഴിഞ്ഞിട്ടില്ല.
പാല്‍ കുടിക്കാന്‍ വിസമ്മതിച്ചതിനു ശിക്ഷയായി രാത്രി വീടിനു പുറത്തുനിര്‍ത്തിയ കുഞ്ഞിനെ കാണാതാകുകയായിരുന്നു എന്നാണ് വെസ്‌ലി ആദ്യം പോലീസിനോടു പറഞ്ഞത്. ദിവസങ്ങളോളം നീണ്ട തെരച്ചിലില്‍ പോലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടുകിട്ടിയതോടെയാണ് ഇയാള്‍ മൊഴി മാറ്റിയത്. മരണം സംഭവിച്ചത് എങ്ങനെയെന്നു കണ്ടെത്താനായി നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഫലം വന്നിട്ടില്ല. റിച്ചാഡ്‌സണ്‍ സിറ്റി ജയിലില്‍ കഴിയുന്ന വെസ്‌ലിക്ക് പത്തു ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ പുറത്തുവിട്ടേക്കും. അതല്ലെങ്കില്‍ ഡാലസ് ജയിലിലേക്കു മാറ്റാനും ആലോചയുണ്ട്. ഷെറിന്റെ തിരിച്ചുവരവിനു വേണ്ടി പ്രാര്‍ഥനയിലായിരുന്ന ജനങ്ങള്‍, ഇപ്പോള്‍ വെസ്‌ലിയെ നുണയനെന്നു വിളിച്ച് ക്ഷുഭിതരാണ്. അതേസമയം, സിനിയെ ചോദ്യംചെയ്യാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. സിനി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വളര്‍ത്തുമകള്‍ക്കുണ്ടായ ദുരന്തവും മൂത്ത മകളെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കിയ നടപടിയും അവരെ തളര്‍ത്തിയെന്നും ചോദ്യംചെയ്യലിനുള്ള മാനസികാവസ്ഥയിലാല്ലെന്നുമായിരുന്നു അഭിഭാഷകന്റെ വിശദീകരണം.