താമസ സ്ഥലത്ത് വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും തള്ളിയിട്ട് ക്രൂരത. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാര്‍ തമ്മില്‍ താമസസ്ഥലത്തുവച്ചുണ്ടായ തര്‍ക്കം പ്രതികാരമായി മാറിയതോടെയാണ് കൊലപാതക ശ്രമത്തിലേക്ക് നീങ്ങിയത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കെട്ടിടത്തില്‍നിന്നു വീണ കൊടുങ്ങല്ലൂര്‍ നാരായണമംഗലം കുന്നുപുറത്ത് ഇജാസി(28)നെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കോഴിക്കോട് നടവത്തൂര്‍ പുന്നാത്ത് ചെന്നാലിക്കല്‍ ശിവന്‍ (45), തിരുവനന്തപുരം പോത്തന്‍കോട് എടവിളാകം വിജയവിഹാറില്‍ സജിത്ത് (37) എന്നിവരെയാണ് വെള്ളിയാഴ്ച എസ്‌ഐ ബികെ അരുണ്‍ അറസ്റ്റ് ചെയ്തത്. സഹപ്രവര്‍ത്തകരായ മൂന്നുപേരും പരിയാരത്തെ സ്വകാര്യ ലോഡ്ജിലാണ് താമസിക്കുന്നത്.
പരിക്കേറ്റ ഇജാസ് ലോഡ്ജിന്റെ മുകളിലെ നിലയിലും അറസ്റ്റിലായവര്‍ താഴത്തെ നിലയിലുമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച താഴെയുള്ള മുറിയിലിരുന്ന് ഇജാസ് സിഗരറ്റ് വലിച്ചതിനെച്ചൊല്ലി വാക് തര്‍ക്കം നടന്നു. അതിനുശേഷം ഇജാസ് തന്റെ മുറിയിലേക്ക് പോയി. അവിടേക്ക് മറ്റു രണ്ടുപേരും കയറിച്ചെന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും മൊഴിയുണ്ട്. മുകളിലത്തെ മുറിയില്‍ മൂന്നുപേരും തമ്മില്‍ വീണ്ടും വഴക്കുണ്ടായി. ഇതിനിടയിലാണ് ഇജാസിനെ തള്ളിയിട്ടത്. വീഴ്ചയില്‍ ഇജാസിന്റെ അരയ്ക്ക് താഴെ തളര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവരികയും പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ അവിടെനിന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.