ചങ്ങരംകുളത്തിനടുത്ത് ഞരണി പുഴയിൽ വള്ളം മറിഞ്ഞ് നാല് പെൺകുട്ടികൾ ഉൾപ്പെടെ ആറു കുട്ടികൾ മരിച്ചു. പ്രസീന(13), വൈഷ്ണ(20), ജെനീഷ(11), ആദിനാഥ്(14), പൂജ(13), അഭിദേവ് (8) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ബന്ധുക്കളാണ്. പെൺകുട്ടികൾ ഉൾപ്പെടെ ഒമ്പതു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളം തുഴഞ്ഞ മാപ്പാനിക്കൽ വേലായുധനും 13 വയസുകാരിയായ ഫാത്തിമയും ഉൾപ്പെടെ മൂന്നു പേരെ നാട്ടുകാർ രക്ഷപെടുത്തി. വേലായുധനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നിലയും ഗുരുതരമാണെന്നാണ് അറിയുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് ആയിരുന്നു സംഭവം. പൊന്നാനിയിൽ കായലിനോടു ചേർന്നുള്ള കോൾ പാടത്ത് ബണ്ട് തകർന്നിരുന്നു. ഇതിനെതുടർന്നുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്ക് കാണാനായി രണ്ട് കുടുംബങ്ങളിലെ ഒമ്പതു പേരാണ് തോണിയിൽ സഞ്ചരിച്ചത്. ക്രിസ്മസ് അവധി ആഘോഷിക്കാൻ ഒത്തുചേർന്ന കുട്ടികൾ ബന്ധുവായ വേലായുധന്റെ സഹായത്തോടെ വള്ളം വാടകയ്ക്കെടുത്ത് ബണ്ട് തകർന്നത് കാണാൻ പോകുകയായിരുന്നു. കുത്തൊഴുക്കിൽപെട്ട വള്ളം ഉലഞ്ഞതിനു ശേഷം മറിയുകയായിരുന്നു.
ക്രിസ്മസ് അവധി ആഘോഷിക്കാൻ ഒത്തുചേർന്ന പെൺകുട്ടികൾ വള്ളം മറിഞ്ഞ് മരിച്ചു
RELATED ARTICLES