Thursday, April 25, 2024
HomeKeralaമരണ കാരണം ഉറപ്പാക്കാന്‍ പോസ്റ്റുമാര്‍ട്ടം ഒഴിവാക്കുന്നതിന് പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മരണ കാരണം ഉറപ്പാക്കാന്‍ പോസ്റ്റുമാര്‍ട്ടം ഒഴിവാക്കുന്നതിന് പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വാഭാവിക മരണമായാലും മരണ കാരണം ഉറപ്പാക്കാന്‍ പോസ്റ്റുമാര്‍ട്ടം ഒഴിവാക്കുന്നതിന് പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയോ അല്ലാതെയോ സ്വാഭാവിക മരണമുണ്ടായാലും സി.ആര്‍.പി.സി പ്രകാരം പോസ്റ്റുമാര്‍ട്ടത്തിലൂടെ മരണകാരണം കണ്ടെത്തേണ്ടതുണ്ട്. പോസ്റ്റുമാര്‍ട്ടം വേണോ വേണ്ടയോ എന്ന് സി.ആര്‍.പി.സി, കേരളാ പൊലീസ് മാന്വല്‍ പ്രകാരം പൊലീസുദ്യോഗസ്ഥന്റെ വിവേചനാധികാരമാണ്. സ്വാഭാവിക മരണമാണെന്ന് രേഖകള്‍ സഹിതം പൊലീസുദ്യോഗസ്ഥനെ ബോദ്ധ്യപ്പെടുത്തിയാല്‍, പ്രാഥമിക അന്വേഷണം നടത്തി മൃതദേഹം വിട്ടുനല്‍കാന്‍ പൊലീസിന് അധികാരമുണ്ട്. ദൃക്സാക്ഷികളുടെ വാക്കുകള്‍ വിശ്വസിച്ച്‌ പോസ്റ്റുമാര്‍ട്ടം ഒഴിവാക്കിയാല്‍ പിന്നീട് ദുരൂഹത ചൂണ്ടിക്കാട്ടാനിടയുണ്ട്. മാത്രമല്ല, അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ക്ക് മരണകാരണം കണ്ടെത്താനുമാവില്ല. മരണകാരണത്തില്‍ സംശയം തോന്നിയാല്‍ പോസ്റ്റുമാര്‍ട്ടം നടത്തുന്ന നിലവിലെ രീതി പിന്‍വലിക്കാനാവില്ലെന്ന് എന്‍.എ.നെല്ലിക്കുന്നിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് രോഗീപരിചരണത്തിനും സമീപനത്തിനും മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക പരിശീലനം നല്‍കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പരിശീലനത്തിനു ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കും. രോഗികളെ പരിചരിക്കുന്നതില്‍ ശാസ്ത്രീയ അവബോധമുണ്ടാക്കാനാണ് ശ്രമം. സാധാരണ വാഹനങ്ങളോടിക്കാനുള്ള ലൈസന്‍സ് നേടിയവരാണ് ആംബുലന്‍സുകളും ഓടിക്കുന്നത്. ഇവര്‍ക്ക് നിലവില്‍ മോട്ടോര്‍ വാഹനവകുപ്പ്, പൊലീസ്, നാറ്റ്‌പാക്, ഐ.എം.എ എന്നിവ നല്‍കുന്ന പരിശീലനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സമ്ബൂര്‍ണ ട്രോമാകെയര്‍ സംവിധാനത്തിന്റെ ഭാഗമായി ജി.പി.എസ് ഘടിപ്പിച്ച ആംബുലന്‍സുകളുടെ ശൃംഖലയുണ്ടാക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മരുന്നുകളടക്കമുള്ള അവശ്യ സാധനങ്ങള്‍ ആംബുലന്‍സിലുണ്ടാവണം. തൃശൂരില്‍ ആംബുലന്‍സില്‍ കൊണ്ടുപോകും വഴി കെ.കെ.സെബാസ്റ്റ്യന്‍ മരിച്ചത് ഓക്സിജന്‍ തീര്‍ന്നതു കാരണമല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതേക്കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്നും അനില്‍ അക്കരയുടെ സബ്‌മിഷന് മന്ത്രി മറുപടി നല്‍കി

RELATED ARTICLES
- Advertisment -

Most Popular

Recent Comments