ഓച്ചിറ കേസ് ; പെണ്‍കുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ദ്ദേശം

keralapolice

ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ദ്ദേശം. ആധാര്‍ അടക്കമുള്ള രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശം. അതേസമയം പെണ്‍കുട്ടിയെയും കൊണ്ട് അന്വേഷണ സംഘം വൈകുന്നേരത്തോടെ ഓച്ചിറയില്‍ എത്തുമെന്നാണ് വിവരം.ഓച്ചിറയില്‍ നിന്ന് കടത്തിക്കൊണ്ട് പോയ ഇതര സംസ്ഥാന പെണ്‍കുട്ടിയുടെ വയസ്സ് സംബന്ധിച്ച അവ്യക്തത ഉണ്ടായ സാഹചര്യത്തിലാണ് വയസ്സ് സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചത്. പെണ്‍കുട്ടിക്ക് 15 വയസ്സു മാത്രമേ പ്രായമായിട്ടുള്ളൂവെന്നാണ് മാതാപിതാക്കള്‍ നല്‍കിയിട്ടുള്ള മൊഴി. സ്റ്റേഷനില്‍ നല്‍കിയ പരാതിയിലും 15 വയസ്സെന്ന് തന്നെയാണ് കാണിച്ചിട്ടുള്ളത്. എന്നാല്‍ മുംബൈയില്‍ പൊലീസിന് പെണ്‍കുട്ടിയും റോഷനും നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞുവെന്നാണ് പറയുന്നത്. ഇതു പോലീസ് പൂര്‍ണമായും മുഖവിലക്കെടുത്തിട്ടില്ല. അതുകൊണ്ടാണ് നേരത്തേ പിടികൂടിയ പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തിയതും. എന്നാല്‍ നിലവില്‍ പ്രായം സംബന്ധിച്ച്‌ തര്‍ക്കം ഉണ്ടായ സാഹചര്യത്തില്‍ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അതേസമയം പെണ്‍കുട്ടിയെയും റോഷനെയും കൊണ്ട് അന്വേഷണ സംഘം ഇന്നെത്തുമെന്നാണ് വിവരം. റോഡുമാര്‍ഗ്ഗം വാഹനത്തിലാണ് സംഘം തിരികെ വരുന്നത്.