Friday, October 11, 2024
HomeKeralaഅഭിമാന നിറവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി

അഭിമാന നിറവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി

രാജ്യത്തു തന്നെ ഏറ്റവും അധികം ദിവസം കോവിഡ് ബാധിതയായിരുന്ന അറുപത്തി മൂന്നു വയസുകാരിയായ ഷേര്‍ളി എബ്രഹാമിനെ രോഗമുക്തയാക്കിയതിന്റെ അഭിമാന തിളക്കത്തിലാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി. ആശുപത്രി സൂപ്രണ്ട് ഡോ.എസ് പ്രതിഭയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അടങ്ങുന്ന മികച്ച ടീമാണ് ആരോഗ്യമേഖലയ്ക്ക് അഭിമാനകരമായ നേട്ടം കൈവരിച്ചത്. കോവിഡിനെ പിടിച്ചു കെട്ടുന്നതില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഡോ. പ്രതിഭ ഓര്‍ത്തെടുക്കുകയാണ്:ചൈനയിലും മറ്റ് രാജ്യങ്ങളിലും കോവിഡ് 19 ബാധിച്ച രോഗികളുടെ എണ്ണം കൂടി വന്ന ജനുവരി മാസത്തില്‍ തന്നെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ആവശ്യമായ സജീകരണങ്ങള്‍ നടത്തിയിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.എസ്. പ്രതിഭ പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ നിന്നും നിരവധി കുട്ടികള്‍ ചൈനയില്‍ പഠിക്കുന്നതിനാല്‍ ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍ ഷീജയുടെ നിര്‍ദേശ പ്രകാരമാണ് കേവിഡ് 19 നായി പ്രത്യേക സജീകരണങ്ങള്‍ ആശുപത്രിയില്‍ ഒരുക്കിയത്.ജനുവരി അവസാന ആഴ്ചയോടുകൂടി ചൈനയില്‍ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയും അമ്മയുംകൂടി കോഴഞ്ചേരി ജില്ലാ  ആശുപത്രിയിലെത്തി. അതുവരെ ഇങ്ങനെയൊന്ന് ഉണ്ടെന്ന് കരുതിയിരുന്നത് അല്ലാതെ മറ്റൊന്നും മനസിലുണ്ടായിരുന്നില്ല. കോവിഡ് 19 തൊട്ടടുത്തെത്തിയെന്ന ബോധം വന്നത് അപ്പോഴാണ്. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥിയുടെ സ്രവം എടുത്ത് അയച്ചു. എല്ലാ സജീകരണവുമുള്ള ചെറിയ ഐസലേഷന്‍ മുറി ശരിയാക്കിയെടുത്തു. പരിശോധനാഫലം നെഗറ്റീവ് ആയതിനേ തുടര്‍ന്നും ലക്ഷണങ്ങളൊന്നും കാണാത്തതിനെ തുടര്‍ന്നും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെട്ടു.ഇവരില്‍ നിന്നുതന്നെ ചൈനയില്‍ നിന്നുമെത്തിയ ജില്ലയിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ വാങ്ങി വീടുകളില്‍ തുടരണമെന്ന് നിര്‍ദേശിച്ചു. ഒപ്പം ഡിഎംഒയുടെ നിര്‍ദേശപ്രകാരം ചെറിയ രീതിയില്‍ റൂട്ട് മാപ്പും ശരിയാക്കി വച്ചിരുന്നു. ഇനിയും പുതിയ രോഗികള്‍ എത്തിയേക്കാമെന്ന ബോധ്യമുള്ളതിനാല്‍ മുന്‍കരുതല്‍ എന്ന രീതിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ട്രെയിനിംഗും അവബോധ ക്ലാസുകളും നടത്തി. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീമിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ സഹായത്തോടെ പിപിഇ ( പേഴ്സണല്‍ പൊട്ടക്ഷന്‍ എക്യുപ്മെന്റ്) കിറ്റ് ശരിയായ രീതിയില്‍ എങ്ങനെ ഉപയോഗിക്കാമെന്ന് ക്ലാസുകള്‍ എടുത്തു. തുടര്‍ന്ന് ബോധവത്കരണ ക്ലാസുകള്‍ നിരവധി നടത്തി.മാര്‍ച്ച് എട്ടിന് രാവിലെ 6.30 ന് പത്തനംതിട്ട കളക്ടറേറ്റില്‍ എത്തിച്ചേരണമെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനിയുടെ ഫോണ്‍ വന്നു. ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിനാലാണ് യോഗം ചേരുന്നതെന്ന് അറിഞ്ഞു. രാവിലെ എത്തിയപ്പോഴേക്കും വിവിധയിടങ്ങളില്‍ നിന്നുമുള്ള ഡോക്ടര്‍മാര്‍ അവിടെയെത്തിയിരുന്നു. എല്ലാവരുടെയും മുഖത്ത് ടെന്‍ഷന്‍ ഉണ്ടായിരുന്നു. യോഗം ആരംഭിച്ചു. ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി അങ്ങനെ കുറേപ്പേര്‍. ‘നിങ്ങള്‍ പേടിക്കരുത്, നമുക്കിത് ഏറ്റെടുക്കണം’ എന്ന കളക്ടര്‍ പി.ബി. നൂഹിന്റെ വാക്കുകള്‍ കൂടുതല്‍ കരുത്തേകി. പിന്നീട് ആശുപത്രിയിലെ മുറികള്‍ സജീകരിച്ചു. ഒഴിഞ്ഞുകിടന്ന പേ വാര്‍ഡിലെ 24 മുറികളും ഒരുക്കി.ഇതിനിടെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന കുറേ രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് മടങ്ങി. വേഗത്തില്‍ എല്ലാം സജീകരിച്ചു. ഇറ്റലി കുടുംബത്തിന്റെ കുടുംബ സുഹൃത്തുക്കളായ രണ്ടു പേരെ വടശേരിക്കരയില്‍ നിന്നും കോഴഞ്ചേരി ആശുപത്രിയിലേക്ക് എത്തിക്കണമെന്ന് വടശേരിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ഡോ. ശ്രീകുമാര്‍ വൈകിട്ടോടെ വിളിച്ചു പറഞ്ഞു. നേരിട്ടുള്ള സമ്പര്‍ക്കമാണ്, സജീകരണങ്ങള്‍ ഒരുക്കാന്‍ ഡെപ്യൂട്ടി ഡിഎംഒയും അറിയിച്ചു. ഷേര്‍ളിയും മകള്‍ ഗ്രീഷ്മയുമാണ് രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍. ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ഐസലേഷന്‍ റൂമിലേക്ക് മാറ്റി. ആശുപത്രിയിലെ സെക്യൂരിറ്റി തൊട്ട് നഴ്സിംഗ് അസിസ്റ്റന്റ്,  ക്ലീനിംഗ് സ്റ്റാഫ്, സ്റ്റാഫ് നഴ്സ്, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരും ഒരു കുടുംബം പോലെ ഒരുമിച്ചു പ്രവര്‍ത്തിച്ചു.അറിഞ്ഞതും കേട്ടതും നിര്‍ദേശങ്ങളുമല്ലാം ഒരുപോലെ പ്രയോഗിച്ചാണ് ഇവരെ പരിചരിച്ചത്. ആദ്യ ദിനങ്ങളില്‍  നിരവധി സാമ്പിളുകള്‍ എടുക്കേണ്ടി വന്നത് ഒരു വെല്ലുവിളിയായിരുന്നു. 77 സാമ്പിളുകള്‍ വരെ ഒരു ദിവസം എടുക്കേണ്ടി വന്നു. റാന്നി പഴവങ്ങാടി ഹെല്‍ത്ത് സെന്ററില്‍ ഉണ്ടായിരുന്ന, ഫെബ്രുവരിയോടെ ആശുപത്രിയിലെത്തിയ ഡോ. അഭിലാഷിന്റെ സേവനം എടുത്തു പറയേണ്ടതാണ്. എന്റെ ആശ്വാസമായിരുന്നു. ഏതു സമയത്തും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സഹായം ആവശ്യമാണെന്ന് ബോധ്യമായ സാഹചര്യത്തില്‍ റാന്നി പെരുനാട് ഹെല്‍ത്ത് സെന്ററിലെ ഡോ. ശരത് കൃഷ്ണനെയും ഡിഎംഒ നല്‍കി. ഡോ. പി.എം. അഭിലാഷിന്റെ സുഹൃത്തായിരുന്നു ഡോ. ശരത് കൃഷ്ണന്‍. ജില്ലാ ഭരണകൂടം സ്റ്റാഫിന് യാത്ര ചെയ്യാനായി ഒരു ബസും താമസ സൗകര്യവും ഒരുക്കി. കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹനും വൈസ് പ്രസിഡന്റ് പ്രകാശും ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു. ഐസലേഷനിലുള്ളവര്‍ക്ക് ഭക്ഷണത്തിനായി പ്രത്യേക സൗകര്യമൊരുക്കി. ചില അവസരങ്ങളില്‍ സ്റ്റാഫ് നഴ്‌സുമാരും ഞാനും വീടുകളില്‍ നിന്നും രോഗികളുടെ ആവശ്യാനുസരണം ഭക്ഷണമെത്തിച്ചു. നാല് ആഴ്ചകള്‍ക്ക് ശേഷം ഗ്രീഷ്മയുടെ പരിശോധനാ ഫലം നെഗറ്റീവായി. ഷേര്‍ളിക്ക് ഉണ്ടായിരുന്ന തൊണ്ടവേദന പൂര്‍ണമായും മാറിയെങ്കിലും പരിശോധനാ ഫലം നെഗറ്റീവ് ആയി കാണിച്ചിരുന്നില്ല. മെഡിക്കല്‍ കോളജുകളിലെ വിദഗ്ധരോട് ചോദിച്ച് പരിചരിച്ചു കൊണ്ടിരുന്നു.നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും നെഗറ്റീവ് ആകാതെ വന്നപ്പോള്‍ വല്ലാതെ പേടിച്ചിരുന്നു. കൂടുതല്‍ പരിചരണത്തിനായി ഒരു പ്രത്യേക മുറിയിലേക്ക്  ഷേര്‍ളിയെ മാറ്റി. ദിവസവും പുതിയ വസ്ത്രങ്ങളും പുതിയ ഭക്ഷണസാധനങ്ങളും നല്‍കി. എന്നും എല്ലാവരും ഷേര്‍ളി അമ്മച്ചിയെ വിളിച്ചു സംസാരിക്കണമെന്ന് സ്റ്റാഫിനോട് നിര്‍ദേശിച്ചിരുന്നു. അങ്ങനെ ഒന്നര ഇടവിട്ടുള്ള ദിവസങ്ങളില്‍ സാമ്പിള്‍ അയച്ചുകൊടുത്തു കൊണ്ടിരുന്നു. 45-ാം ദിവസം ഫലം നെഗറ്റീവായി. 46 ഉം 47 ഉം നെഗറ്റീവ് ആയതിനേ തുടര്‍ന്ന് 48-ാം ദിവസം ഡിസ്ചാര്‍ജ് ചെയ്തു. പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ എല്ലാ സ്റ്റാഫിനും ധൈര്യമായി. അപ്പോഴേയ്ക്കും ആശുപത്രിയില്‍ കോവിഡ് സെല്‍ രൂപീകരിച്ചു. വീണാ ജോര്‍ജ് എംഎല്‍എയുടെയും ജില്ലാ പഞ്ചായത്തിന്റെയും സഹായം എപ്പോഴുമുണ്ടായിരുന്നു.കോവിഡ് ആശുപത്രി ആക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.  ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടു പോസിറ്റീവ് കേസുകളും നെഗറ്റീവായി. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതുവരെ 929 സാമ്പിളുകള്‍ ശേഖരിച്ചു. സൈക്യാട്രി വിഭാഗം, ഗൈനക്കോളജി വിഭാഗം എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. അഞ്ചു സര്‍ജറിയും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഫിസിയോ തെറാപ്പി, കീമോതെറാപ്പി, ഡയാലിസിസ്, പാലിയേറ്റിവ്, സൈക്യാട്രി വിഭാഗം, ഗൈനക് വിഭാഗം, സര്‍ജറി, ഇഎന്‍ടി, പീഡിയാട്രിക്, ഓര്‍ത്തോ വിഭാഗം, ഒഫ്തല്‍മോളജി, ഡെന്റല്‍ വിഭാഗം, കാഷ്വാലിറ്റി, ഒപി എന്നിങ്ങനെ ഏറ്റവും കൂടുതല്‍ വിഭാഗമുള്ള ആശുപത്രിയായി കരുതലോടെ പ്രവര്‍ത്തിച്ചു വരുകയാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി. മാര്‍ച്ച് മാസത്തില്‍ മാത്രം 620 ഡയാലിസിസ് നടത്തി. ഇപ്പോള്‍ ഹെല്‍പ് ഡെസ്‌ക്, ബ്രേയ്ക്ക് ദ ചെയിനിന്റെ ഭാഗമായുള്ള ഹാന്‍ഡ് വാഷ് സജീകരണങ്ങള്‍, ട്രയേജ് ഉള്‍പ്പെടെ നടത്തിവരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.എസ്. പ്രതിഭ അഭിമാനത്തോടെ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments