കന്നുകാലികളെ കശാപ്പിനായി ചന്തയില്‍ വില്‍ക്കുന്നത് രാജ്യവ്യാപകമായി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് കേന്ദ്രം നിരോധിച്ചത്. കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം കൊണ്ടുവന്ന പുതിയ ഭേദഗതിപ്രകാരം പശു, കാള, എരുമ, പോത്ത്, കന്നുകുട്ടികള്‍, ഒട്ടകം എന്നീ മൃഗങ്ങളുടെ കശാപ്പിനായുള്ള വില്‍പ്പനയാണ് നിരോധിച്ചത്. മതാചാരങ്ങളുടെ ഭാഗമായി കന്നുകാലികളെ ബലിയര്‍പ്പിക്കുന്നതും വിലക്കി.
കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം രാജ്യത്ത് ത്തിന്‍റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വിവിധ മതങ്ങളും വിവിധ സംസ്കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ബഹുസ്വരതയാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത. അതിനുവിരുദ്ധമായ നടപടികളാണ് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നത്. മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരല്ല. ചരിത്രാതീതകാലംമുതല്‍ മാംസഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുകവഴി ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിനുമേലാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ കൈവച്ചിരിക്കുന്നത്. ഇത്തരം അപരിഷ്കൃതമായ നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി ജനരോഷം ഉയരണമെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
കാലികളുടെ കൊടുക്കല്‍-വാങ്ങല്‍ വ്യവസ്ഥകളില്‍ കര്‍ശനമായ നിയന്ത്രണങ്ങളും കൊണ്ടുവന്നു. കാലികളെ കശാപ്പിനായി വില്‍ക്കാന്‍ ചന്തകളിലേക്ക് കൊണ്ടുവരാന്‍ പാടില്ല. കൃഷി ആവശ്യങ്ങള്‍ക്കുമാത്രമേ വില്‍പ്പന അനുവദിക്കൂ. ഉടമസ്ഥര്‍ ഇത് കര്‍ക്കശമായി പാലിക്കണം. വാങ്ങാനെത്തുന്നവര്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമാണ്. കാലികളെ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോയി വില്‍ക്കുന്നതും നിരോധിച്ചു. സംസ്ഥാന അതിര്‍ത്തികളുടെ 25 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കാലിച്ചന്ത അനുവദിക്കില്ല. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 50 കിലോമീറ്ററാണ് പരിധി.
ഗുരുതരമായി പരിക്കേറ്റതോ അസുഖം ബാധിച്ചതോ ആയ കാലികള്‍ക്ക് ദയാവധം നല്‍കുകയും തുടര്‍ന്ന് ദഹിപ്പിക്കുകയും ചെയ്യണം. സ്വാഭാവികമായ കാരണങ്ങളാല്‍ ചത്ത കാലികളെയും ദഹിപ്പിക്കണം. തുകലിനായി തോലുരിക്കുന്നതുപോലും അനുവദനീയമല്ല. കാലികളെ ചാപ്പകുത്തുക, കൊമ്പുകളില്‍ പെയിന്റടിക്കുക, ചെവി മുറിക്കുക, രാസവസ്തുക്കളോ നിറങ്ങളോ മൃഗങ്ങളുടെ ശരീരത്തില്‍ പ്രയോഗിക്കുക, മൃഗഡോക്ടറല്ലാതെ മറ്റാരെങ്കിലും ബലമായി പാനീയങ്ങളോ മറ്റോ നല്‍കാന്‍ ശ്രമിക്കുക, നൃത്തംപോലുള്ള അസ്വാഭാവിക പ്രവൃത്തികള്‍ക്ക് നിര്‍ബന്ധിക്കുക, ആഭരണങ്ങളും മറ്റും അണിയിക്കുക, ഭക്ഷണം കഴിക്കുന്നത് തടയുന്നതിനായി എന്തെങ്കിലും മാര്‍ഗങ്ങള്‍ സ്വീകരിക്കുക, പരമ്പരാഗത ചികിത്സകരെയും മറ്റും ഉപയോഗിച്ച് ഷണ്ഡീകരിക്കുക, കറവയുള്ള കാലികളില്‍ ഓക്സിടോസിന്‍ കുത്തിവയ്ക്കുക, കത്തി ഉപയോഗിച്ച് ചെവിയോ മൂക്കോ മുറിക്കുക, ലിംഗത്തിന് കെട്ടിടുക തുടങ്ങിയവയും നിരോധിച്ചു.
കാലികളെ വില്‍ക്കാനായി കൊണ്ടുവരുമ്പോള്‍ കശാപ്പിനല്ലെന്ന സത്യവാങ്മൂലം കൈവശമുണ്ടാകണം. വാങ്ങുന്നവരും കശാപ്പിനല്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കണം. കാലിച്ചന്ത സമിതി സെക്രട്ടറിയാണ് ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടത്. വാങ്ങുന്ന കാലികളെ ആറുമാസത്തേക്ക് വില്‍ക്കാനും പാടില്ല. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ കാലികളെ ഏറ്റെടുത്ത് ഗോശാലയ്ക്കോ മൃഗക്ഷേമ സംഘടനയ്ക്കോ മറ്റോ കൈമാറണം. കേസ് തീര്‍പ്പാകുന്നതുവരെ ഇത്തരം കാലികളെ പരിപാലിക്കുന്നതിനുള്ള പണം കേസില്‍ ഉള്‍പ്പെട്ടവര്‍ നല്‍കണം.