പാക്ക് തീവ്രവാദ സംഘടനയായ ലഷ്കറെ തയിബ ഇന്ത്യയുടെ പല സ്ഥലങ്ങളിലും ഭീകരാക്രമണം നടത്തുവാൻ സാധ്യത

പാക്ക് തീവ്രവാദ സംഘടനയായ ലഷ്കറെ തയിബ ഇന്ത്യയുടെ പല സ്ഥലങ്ങളിലും ഭീകരാക്രമണം നടത്തുവാൻ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇരുപതോളം ലഷ്കർ ഭീകരർ ഇന്ത്യയിലേക്കു തന്ത്രപൂർവ്വം നുഴഞ്ഞു കയറിയിട്ടുണ്ട്. ഇവർ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് ആക്രമണം നടത്തിമെന്നുമാണു രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഡൽഹി, മുംബൈ തുടങ്ങിയ മെട്രോകളിലും അതിർത്തി മേഖലകളായ പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ആക്രമണം നടന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്. പാക്ക് ചാരസംഘടനയിൽ പരിശീലനം നേടിയവരാണ് നുഴഞ്ഞുകയറിയിട്ടുള്ള ഭീകരരെന്നാണു അന്വേഷണ റിപ്പോർട്ട്.

മെട്രോ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവള‌ങ്ങൾ, പ്രമുഖ ഹോട്ടലുകൾ, തിരക്കേറിയ മാർക്കറ്റുകൾ, തീർഥാടക കേന്ദ്രങ്ങള്‍, സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി പ്രത്യേക ഭീകരാക്രമണം നടത്തുന്നതിനാണു ഭീകരർ പദ്ധതിയിടുന്നതെന്നാണു സൂചന. തിരക്കേറിയ സ്ഥലങ്ങളിൽ വലിയ ശക്തിയേറിയ സ്ഫോടനമോ ചാവേറാക്രമണോ നടക്കാൻ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സുരക്ഷ ‌ശക്തമാക്കിയതിനൊപ്പം പരിശോധനകളും വർധിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനകൾ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി മുതിൽന്ന യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ മേയ് ആദ്യം മുന്നറിയിപ്പു നൽകിയിരുന്നു.