Tuesday, March 19, 2024
Homeപ്രാദേശികംജില്ലയില്‍ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കൊട്ടക്കാട് ആശുപത്രിയില്‍ സജ്ജമായി

ജില്ലയില്‍ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കൊട്ടക്കാട് ആശുപത്രിയില്‍ സജ്ജമായി

പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഇരവിപേരൂരിലെ കൊട്ടക്കാട് ആശുപത്രിയില്‍ സജ്ജമായി. സെന്ററിന്റെ പ്രവര്‍ത്തന ഉദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.  മൂന്നു വര്‍ഷമായി അടഞ്ഞുകിടന്ന ആശുപത്രിയാണു കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി ഒരുക്കിയത്. 40 രോഗികള്‍ക്ക് ഒരേസമയം ചികിത്സനല്‍കുവാനുള്ള എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയതായി  വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണു നടത്തിയതെന്നും  വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.  കൊട്ടക്കാട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജീവനക്കാരെ നിയമിച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലയിലെ ആദ്യത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ റാന്നിയിലെ മേനാന്തോട്ടം ആശുപത്രിയിലാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് പോസിറ്റീവായ വെന്റ്‌റിലേറ്റര്‍ ആവശ്യമില്ലാത്ത രോഗികളെയാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിക്കുന്നത്. ഇത്തരത്തില്‍ എത്തുന്ന രോഗികളെ ചികിത്സിക്കാന്‍ മേനാംതോട്ടം ആശുപത്രില്‍ 45 മുറികളിലായി 90 കിടക്കകള്‍ ആണുള്ളത്. ഇവിടത്തെ പരിധി കഴിയുമ്പോള്‍ മറ്റുള്ളവരെ കൊട്ടക്കാട് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിക്കും.  കൊട്ടക്കാട് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ 34 മുറികളിലായി 40 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ഷിഫ്റ്റുകളിലായി അഞ്ചു ഡോക്ടര്‍മാരെയും എട്ട് നഴ്സിംഗ് സ്റ്റാഫിനേയും ക്ലീനിംഗ് സ്റ്റാഫ് ഉള്‍പ്പെടെ 16 ജീവനക്കാരെയുമാണു നിയോഗിച്ചിരിക്കുന്നത്.  കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ മരുന്ന് ഉള്‍പ്പെടെ മെഡിക്കല്‍ ആവശ്യങ്ങള്‍ അടുത്തുള്ള ആശുപത്രിയില്‍ നിന്നും ലഭ്യമാക്കും. 40 പേര്‍ക്ക്   മുറികളില്‍ ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ബാത്ത് സോപ്പ്, ഹാന്‍ഡ്വാഷ്, ചൂല്, ടോയ്ലറ്റ് അണുനാശിനി ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍  ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഒരുക്കി. ആശുപത്രിയില്‍ കംപ്യൂട്ടര്‍, ലാപ്ടോപ്, പ്രിന്റര്‍, മൊബെല്‍ഫോണ്‍ എന്നിവയും ഗ്രാമപഞ്ചായത്ത് ഒരുക്കി. മൂന്നു വര്‍ഷമായി അടഞ്ഞുകിടന്നിരുന്ന ആശുപത്രി ഗ്രാമപഞ്ചായത്തിലെ 200 വോളന്റീയര്‍മാരെ ഉപയോഗിച്ച് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന സജ്ജമാക്കുകയായിരുന്നു.  ഉദ്ഘാടന ചടങ്ങില്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അനസൂയദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എന്‍.രാജീവ്, എന്‍.എച്ച്.എം ഡി.പി.എം ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, ഗ്രാമപഞ്ചായത്ത് അംഗം സാബു ചക്കുമൂട്ടില്‍, പഞ്ചായത്ത് സെക്രട്ടറി എസ്.സുജകുമാരി, ഡോ.പി.ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.        

RELATED ARTICLES
- Advertisment -

Most Popular

Recent Comments