തട്ടിക്കൊണ്ടു പോകലിനിരയായ നടിക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ദിലീപ്. നടിയും പ്രതി പള്‍സര്‍ സുനിയും വളരെ അടുപ്പം പുലര്‍ത്തിയിരുന്നവരാണെന്നു സ്വകാര്യ ചാനല്‍ പരിപാടിയിലാണു ദിലീപ് വെളിപ്പെടുത്തിയത്. അവര്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണെന്നും ഇക്കാര്യം തന്നോടു സംവിധായകന്‍ ലാല്‍ പറഞ്ഞിട്ടുള്ളതാണെന്നും ദിലീപ് വിശദമാക്കി.
ഭയങ്കര അടുപ്പത്തിലായിരുന്നു അവര്‍. ഗോവയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. അവര്‍ വലിയ ഫ്രണ്ട്‌സായിരുന്നു എന്നൊക്കെ തന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്. അതാണ് അപകടത്തിനു വഴിവച്ചത്. താന്‍ ഒരിക്കലും ഇത്തരം ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ഉദ്ദേശിക്കുന്നില്ല. അതില്‍ വളരെ ശ്രദ്ധിക്കുന്നയാളാണ്. പള്‍സര്‍ സുനിയെ തന്റെ ഓര്‍മ്മയില്‍ കണ്ടിട്ടില്ല. തന്റെ ലൊക്കേഷനിലുളള ഒരാളും കണ്ടിട്ടില്ല. തന്റെ കൂടെ ജോലി ചെയ്യുന്നവരും കണ്ടിട്ടില്ല- ദിലീപ് പറഞ്ഞു.
തന്റെ ഇമേജ് തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. കരിവാരിത്തേയ്ക്കാന്‍ നിന്നുകൊടുക്കില്ല. ദിലീപ് ഒരു വ്യക്തിയല്ല, ഒരു ഇന്‍ഡസ്ട്രിയിലെ ഒരുപാട് പേര്‍ ഉറക്കമിളച്ച് ഉണ്ടാക്കിയെടുത്ത സ്ഥാപനമാണ്. താന്‍ ഇല്ലാതായാല്‍ അനവധി പേരെ അതു ബാധിക്കും.
ആര്‍ക്കെങ്കിലും തന്നോടു പ്രശ്‌നമുണ്ടെങ്കില്‍ നേരിട്ട് പറഞ്ഞോ, അഭിനയം നിര്‍ത്തി മാറി നില്‍ക്കാം. അതിന് ഒരു മടിയുമില്ല. നടിക്ക് അപകടം ഉണ്ടായതില്‍ വിഷമമുണ്ട്. അങ്ങനെ സംഭവിച്ചു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്തസോടെ ഏറ്റു പറയും. തേജോവധം ചെയ്യുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കും. ഏത് അന്വേഷണത്തിനും തയാറാണ്. പിന്നെ താന്‍ എന്തിന് ബലിയാടാകണമെന്നും ദിലീപ് ചോദിച്ചു.