Monday, October 14, 2024
HomeInternationalചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റിലെ പതാക താഴ്ത്തി

ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റിലെ പതാക താഴ്ത്തി

വാഷിംഗ്‌ടൺ :ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റ് അടച്ചു. അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിക്കിടെ ചെങ്ഡുവിലെ യു.എസ് കോണ്‍സുലേറ്റിലെ പതാക  ജൂലൈ 27 തിങ്കളാഴ്ച രാവിലെയാണ് താഴ്ത്തിയത്. യു.എസ്. കോണ്‍സുലേറ്റ് അടയ്ക്കാന്‍ അമേരിക്കയോട് ചൈന നിര്‍ദേശിച്ചതിന് പിന്നാലെയാണ് നടപടി.. കോണ്‍സുലേറ്റ് അടയ്ക്കുന്ന ദൃശ്യങ്ങള്‍ ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി പുറത്ത് വിട്ടു.കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരും ഓഫീസില്‍ നിന്നും ഇറങ്ങിയെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ അമേരിക്ക ചൈനയ്ക്ക് 72 മണിക്കൂര്‍ സമയം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികാര നടപടിയായി ചൈന യു.എസ്. കോണ്‍സുലേറ്റ് അടയ്ക്കാന്‍ നിര്‍ദേശിച്ചത്.
കൊവിഡ്,വ്യാപാര കരാര്‍ തുടങ്ങി അമേരിക്കയും ചൈനയും തമ്മില്‍ പ്രതിസന്ധി തുടരുന്നതിനിടെയാണ് ഇരു രാജ്യങ്ങളിലേയും കോണ്‍സുലേറ്റ് അടയ്ക്കാനായി രാജ്യങ്ങള്‍ പരസ്പരം ആവശ്യപ്പെടുന്ന നടപടിയുണ്ടാകുന്നത്.
യു.എസ് കോണ്‍സുലേറ്റ് ജനറലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
‘തുല്യവും പരസ്പര പൂരകവുമായ നടപടി’യെന്നാണ് ചൈനയിലെ വിശകലന വിദഗ്ധര്‍ ഈ നടപടിയെ വിശേഷിപ്പിച്ചത്.
ചൈനയുടെ കോണ്‍സുലേറ്റ് യു.എസ് കമ്പനികളുടെ വ്യാപാര രഹസ്യങ്ങള്‍ നിയമവിരുദ്ധമായി തട്ടിയെടുക്കുന്നതിനുള്ള ചാരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആരോപിച്ചു.
ചൈന ലോകത്തിന് ഭീഷണിയുണ്ടാക്കുന്നെന്നും കാലിഫോര്‍ണിയയില്‍ നടത്തിയ പ്രസംഗത്തില്‍ പോംപിയോ പറഞ്ഞു. ചാരവൃത്തി നടത്തുന്ന കേന്ദ്രമായതിനാലാണ് ഹ്യൂസ്റ്റണിലെ ചൈനയുടെ കോണ്‍സുലേറ്റ് അടപ്പിച്ചതെന്നും പോംപിയോ പറഞ്ഞു. അമേരിക്കയുടെ വ്യാപാര രഹസ്യങ്ങള്‍ ചൈന ചോര്‍ത്തുന്നതായും അമേരിക്ക ആരോപിച്ചു.പെട്ടെന്നായിരുന്നു ചൈനയോട് കോണ്‍സുലേറ്റ് അടയ്ക്കാനുള്ള തീരുമാനം അമേരിക്ക അറിയിക്കുന്നത്. മൂന്ന് ദിവസമായിരുന്നു അമേരിക്ക ചൈനയ്ക്ക് അനുവദിച്ചിരുന്ന സമയം.എന്നാല്‍ കോണ്‍സുലേറ്റ് സാധാരണ ഗതിയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ പ്രതികരിച്ചത്.
കോണ്‍സുലേറ്റ് അടയ്ക്കാനുള്ള അമേരിക്കയുടെ ആവശ്യത്തോട് ശക്തമായ ഭാഷയിലായിരുന്നു അന്ന് ചൈന പ്രതികരിച്ചത്. ഇതിന് പ്രതികാര നടപടിയുണ്ടാകുമെന്നും ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments