ജില്ലയിൽ ഇന്നലെ പോലീസ് പിടിച്ചത് വിദ്യാർഥികൾ ഓടിച്ച 69 ഇരുചക്രവാഹനങ്ങൾ. സ്കൂൾ പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്. വിവരം രക്ഷിതാക്കളെ അറിയിച്ച് സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകുകയും ചെയ്തു. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് വിദ്യാർഥികൾക്ക് പിഴയും ചുമത്തി.ലൈസൻസ് ഇല്ലാതെ സ്കൂൾ പരിസരങ്ങളിൽ വിദ്യാർഥികൾ അമിത വേഗത്തിൽ എത്തുന്നുവെന്നു വിവിധ ഭാഗങ്ങളിൽ നിന്നു പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂടുതൽ കുട്ടികളും അമ്മമാരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിലാണ് എത്തുന്നതെന്ന് പോലീസ് കണ്ടെത്തി.
രക്ഷിതാക്കൾ ഹാജരാകാത്ത വിദ്യാർഥികളിൽ നിന്നു പിടിച്ചെടുത്ത വാഹനങ്ങൾ സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. കർശനമായ പരിശോധനകൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എസ്. സതീഷ് ബിനോ അറിയിച്ചു. ലൈസൻസില്ലാതെയും സൈലൻസറുകൾ മാറ്റിവച്ചും ഇരുചക്രവാഹനങ്ങൾ ജില്ലയിലെ നിരത്തുകളിലൂടെ പായുന്നുവെന്ന പരാതി കഴിഞ്ഞദിവസങ്ങളിൽ വ്യാപകമായി ഉയർന്നിരുന്നു. ഇത്തരം വാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവായതിനേ തുടർന്നാണ് പരിശോധനകൾ കർശനമാക്കിയത്.