പാലാ ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം. ഫലങ്ങളറിയാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. 54 വര്‍ഷമായി കെ എം മാണിയുടെ മണ്ഡലമായിരുന്നു പാല. കെ എം മാണിയുടെ വിയോഗത്തിന് ശേഷവും പാലായുടെ ജനമനസ്സ് കേരളാ കോണ്‍ഗ്രസിനൊപ്പം തന്നെയാണോ എന്നാണ് ഇനി അറിയേണ്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവകാശപ്പെടുന്നത്. മാണി സി കാപ്പനിലാണ് ഇടതു മുന്നണിയുടെ പ്രതീക്ഷകള്‍.
അതേസമയം പാലായില്‍ യുഡിഎഫ്-ബിജെപി വോട്ടുകച്ചവടം നടന്നുവെന്ന ആരോപണം സജീവചര്‍ച്ചയാകുകയാണ്. വോട്ടെടുപ്പിന് പിന്നാലെ ബിജെപി അച്ചടക്ക നടപടിയെടുത്ത പ്രാദേശിക നേതാവിന്റെ വെളിപ്പെടുത്തല്‍ ആയുധമാക്കിയാണ് യുഡിഎഫിന് വോട്ടുമറിച്ചുവെന്ന ആരോപണം ഇടതുമുന്നണി ഉയര്‍ത്തുന്നത്.
ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 176 ബൂത്തുകളിലായി 127939 വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്. 14 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍. 15 സര്‍വ്വീസ് വോട്ടുകളും 3 പോസ്റ്റല്‍ വോട്ടുകളുമാണ് ഇവിടെ ലഭിച്ചത്. ഒരു മാസം നീണ്ടുനിന്ന പ്രചാരണത്തിനൊടുവില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. 71.41 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലൈവ് അപ്ഡേറ്റ്സില്‍ വായിക്കം.