പാലാ ഉപതിരഞ്ഞെടുപ്പിൽ എൻസിപിയുടെ ഇടതുപക്ഷ സ്ഥാനാർഥി മാണി സി.കാപ്പന് ജയം. കെ.എം.മാണിയുടെ പിൻഗാമിയെ കണ്ടെത്തുന്നതിന് നടന്ന തിരഞ്ഞെടുപ്പിൽ മറ്റൊരു മാണി ജയം സ്വന്തമാക്കി. 2943 വോട്ടുകൾക്ക് യുഡിഎഫിന്റെ ജോസ് ടോമിനെയാണ് മാണി സി.കാപ്പൻ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ മുന്നിട്ട് നിന്ന മാണി സി.കാപ്പന്റെ ലീഡ് അവസാന ഘട്ടത്തിൽ ചെറുതായി ഇടിഞ്ഞെങ്കിലും അന്തിമ വിജയം മാണി സി.കാപ്പനൊപ്പമായി.
വോട്ടുനില 1. മാണി സി.കാപ്പൻ – 54137 വോട്ട് 2. ജോസ് ടോം – 51194 വോട്ട് 3. ഹരി.എൻ – 18044 വോട്ട്
പാലാ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തുന്ന രണ്ടാമത്തെ മാത്രം എംഎൽഎയാകും മാണി സി.കാപ്പൻ. കഴിഞ്ഞ 54 വർഷക്കാലമായി കെ.എം.മാണി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് തവണയും മാണി സി.കാപ്പനായിരുന്നു കെ.എം.മാണിയുടെ എതിരാളി. നാലാം തവണയും പാലാ മണ്ഡലത്തിൽ മത്സരിച്ച മാണി സി.കാപ്പൻ ഇപ്പോൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആകെ വോട്ടിന്റെ 42.31 ശതമാനം എൽഡിഎഫ് സ്വന്തമാക്കിയപ്പോൾ 40.01 ശതമാനം യുഡിഎഫ് നേടി. എൻഡിഎയുടെ വോട്ട് ശതമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. നോട്ട 742 വോട്ട് നേടി. ഒരുമാസം നീണ്ടു നിന്ന പ്രചാരണ പരിപാടികൾക്കൊടുവിൽ സെപ്റ്റംബർ 23നായിരുന്നു പാലായിൽ തിരഞ്ഞെടുപ്പ് നടന്നത്. 71.41 ശതമാനം വോട്ടാണ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. ആകെയുള്ള 12 പഞ്ചായത്തുകളിൽ പത്ത് പഞ്ചായത്തും എൽഡിഎഫിനൊപ്പം നിന്നു. പാലാ നഗരസഭയിലും ലീഡ് എൽഡിഎഫിനായിരുന്നു. മുത്തോലിയും മീനച്ചിലും മാത്രമാണ് യുഡിഎഫിന് ലീഡ് നൽകിയ പഞ്ചായത്തുകൾ.