പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഭീഷണിയുമായി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഇളയ മകൻ തേജ് പ്രതാപ് യാദവ്. തന്റെ പിതാവിന്റെ സുരക്ഷ വെട്ടിക്കുറയ്ക്കാൻ നീക്കം നടത്തിയ മോദിയുടെ തൊലിയുരിക്കുമെന്നു തേജ് പ്രതാപ് ഭീഷണി മുഴക്കി. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ലാലുവിന്റെ സുരക്ഷ വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ തരുമാനിച്ചിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു തേജ് പ്രതാപ്. പരാമർശം വിവാദമായതോടെ വിശദീകരണവുമായി ലാലു പ്രസാദ് രംഗത്തെത്തി. മകന്റെ സംസാരഭാഷയോടു വിയോജിപ്പുണ്ടെങ്കിലും അവന്റെ വൈകാരികതയെ തള്ളാനാവില്ലെന്നും വധഭീഷണി നിലനിൽക്കുന്ന അച്ഛന്റെ സുരക്ഷ വെട്ടിക്കുറച്ചാൽ ഏതൊരു മകന്റെയും രക്തം തിളയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പേടിപ്പിക്കാനാണു മോദിയുടെ ഉദ്ദേശ്യമെങ്കിൽ അത് നടപ്പില്ലെന്നും ബിഹാറിലെ കൊച്ചുകുട്ടികൾ വരെ തന്റെ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തേജ് പ്രതാവിന്റെ പ്രസ്താവനയെ വിമർശിച്ച് ബിജെപി നേതൃത്വം രംഗത്തെത്തി. മാനസിക നില തകരാറിലായ ഒരാൾക്കു മാത്രമേ ഇത്തരം പരാമർശങ്ങൾ നടത്താൻ കഴിയുകയുള്ളുവെന്നും, ലാലു മുന്പ് ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നെങ്കിലും അദ്ദേഹം പരിധി വിട്ടിരുന്നില്ലെന്നും ബിഹാർ മന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ശർമ പ്രതികരിച്ചു. നേരത്തെ, ബിജെപി നേതാവ് സുശീൽ കുമാർ മോദി മകന്റെ വിവാഹ ചടങ്ങുകൾ അലന്പാക്കുമെന്ന് തേജ് പ്രതാപ് ഭീഷണി മുഴക്കിയിരുന്നു. സുശീൽകുമാർ മോദിയുടെ മകന്റെ വിവാഹത്തിനു പോകുമോ എന്നു ചോദിച്ചപ്പോൾ വിവാഹത്തിനു പോയാൽ സുശീൽകുമാർ മോദിയെ തല്ലേണ്ടിവരുമെന്നായിരുന്നു തേജ് പ്രതാപിന്റെ പരാമർശം.