Tuesday, April 16, 2024
HomeNationalദുരൂഹ മരണം സംഭവിച്ച ജഡ്ജിയുടെ കുടുംബാംഗങ്ങളെ കാണാനില്ല

ദുരൂഹ മരണം സംഭവിച്ച ജഡ്ജിയുടെ കുടുംബാംഗങ്ങളെ കാണാനില്ല

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുഖ്യ പ്രതിയായിരുന്ന സൊഹ്റാബ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പുതിയ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകവെ, മരിച്ച ജഡ്ജി ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ കുടുംബാംഗങ്ങളെ കാണാനില്ല. കേസില്‍ വാദംകേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി ലോയയുടെ മരണം ദുരൂഹമാണെന്ന വെളിപ്പെടുത്തല്‍ നടത്തിയ കുടുംബാംഗങ്ങളെയാണ് കാണാതായത്. ലോയയുടെ സഹോദരിമാരായ ഡോ. അനുരാധ ബിയാനി, സവിത മന്ദാനെ, അച്ഛന്‍ ഹര്‍കിഷന്‍ എന്നിവര്‍ എവിടെയാണെന്ന് ദിവസങ്ങളായി വിവരമില്ല. മൂന്നുപേരുടെയും മൊബൈല്‍ഫോണുകള്‍ പ്രവര്‍ത്തനരഹിതമാണ്. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ഹര്‍കിഷന്റെ വീട്ടില്‍ ആരുമില്ല. കുടുംബാംഗങ്ങള്‍ എവിടെയാണെന്നതിനെപ്പറ്റി ദിവസങ്ങളായി ഒരു വിവരവുമില്ലെന്ന് ഹര്‍കിഷന്റെ സഹോദരന്‍ ശ്രീനിവാസ് പറഞ്ഞു. ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ സംശയങ്ങളാണ് അനുരാധ ബിയാനി ഉന്നയിച്ചത്. എന്തുകൊണ്ട് മരണവിവരം ഉടന്‍ അദ്ദേഹത്തിന്റെ ഭാര്യയെപ്പോലും അറിയിച്ചില്ല എന്നും ശ്രീനിവാസ് ചോദിച്ചു. സംഭവത്തില്‍ ലോയയുടെ ഭാര്യ ശര്‍മിളയും ഇളയസഹോദരി പത്മ രന്ദാദും കുടുംബവും പ്രതികരിക്കാന്‍ തയ്യാറായില്ല. മരണവിവരം കുടുംബത്തെ വിളിച്ചറിയിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഈശ്വര്‍ ബഹെതിയുടെ സഹോദരന്‍ ഡോ. ബഹെതിയും എന്തെങ്കിലും വിട്ടുപറയുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ അപാകതകളും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഇടപെടലും സംശയങ്ങള്‍ ജനിപ്പിക്കുന്നതായി ലോയയുടെ കുടുംബാംഗങ്ങള്‍ ദിവസങ്ങള്‍ക്കുമുമ്പാണ് വെളിപ്പെടുത്തിയത്്. അമിത് ഷായ്ക്ക് അനുകൂലവിധി പുറപ്പെടുവിക്കുന്നതിന് ലോയയ്ക്ക് നൂറുകോടി രൂപ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ വാഗ്ദാനം ചെയ്തുവെന്നും ലോയയുടെ സഹോദരി അനുരാധ ബിയാനി വെളിപ്പെടുത്തിയിരുന്നു. ലോയയുടെ മരണശേഷം സൊഹ്റാബ്ദീന്‍ കേസില്‍ പ്രത്യേക സിബിഐ ജഡ്ജി എം ബി ഗൊസായി 2014 ഡിസംബര്‍ 30ന് അമിത് ഷായെ കുറ്റവിമുക്തനാക്കി ഉത്തരവിറക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments