അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങൾ നേർക്ക് നേർ ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി. ഗോവയ്ക്കു പിന്നാലെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും വന്‍ വിമാനദുരന്തം നേരിയ വ്യത്യാസത്തില്‍ ഒഴിവായി. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ റണ്‍വേയില്‍ നേര്‍ക്കുനേര്‍ വന്നു. സ്‌പൈസ് ജെറ്റ് വിമാനം ലക്‌നൗവില്‍നിന്നും വന്ന് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുകയും ഇന്‍ഡിഗോ വിമാനം പറന്നുയരാന്‍ ശ്രമിക്കുകയുമായിരുന്നു. സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വലിയ അപകടം ഒഴിവായത്.  മുഖാമുഖം വന്ന വിമാനങ്ങള്‍ പെട്ടെന്ന് വേഗം നിയന്ത്രിച്ച് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായുണ്ടായ ആശയ വിനിമയത്തിലെ പ്രശ്‌നമാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം.  ഇരുവിമാനങ്ങളും ഒരേ റണ്‍വേയില്‍ വന്ന സാഹചര്യം അന്വേഷിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു.