അധോലോക രാജാക്കന്മാരയ ദാവൂദ് ഇബ്രാഹിമും ഛോട്ടാ രാജനും തമ്മിലുള്ള കുടിപ്പകയും പ്രതികാരക്കൊലകളും ജയിലുകളിലേക്കും വ്യാപിപ്പിക്കാന്‍ നീക്കം.
തിഹാര്‍ ജയിലിലുള്ള ഛോട്ടാ രാജനെ അതേ ജയിലില്‍ തടവിലുള്ള നീരജ് ബവാന എന്ന അനുയായിയെക്കൊണ്ട് വകവരുത്തുവാന്‍ ദാവൂദ് ഇബ്രാഹിം ക്വട്ടേഷന്‍ നല്‍കി എന്ന വിവരമാണ് രഹസ്യാന്വേഷണ വിഭാഗം പുറത്തുകൊണ്ടുവന്നത്. ഡല്‍ഹിയിലെ കുപ്രസിദ്ധ അധോലോക നേതാവാണ് നീരജ് ബവാന. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജയിലില്‍ ഛോട്ടാ രാജനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മദ്യപാന സദസ്സിനിടെ ബവാനയുടെ അനുയായി അബദ്ധത്തില്‍ വിവരം പുറത്തുവിട്ടതാണ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച നിര്‍ണായക വിവരം.
തന്നെ കാണാനെത്തിയ വ്യക്തിയോടു ബവാനയും ആക്രമണം നടത്തുന്നതിനെക്കുറിച്ചു പറഞ്ഞതായും വിവരമുണ്ട്. തിഹാര്‍ ജയിലില്‍ തന്നെയാണു ബവാനയും കഴിയുന്നത്. മുന്നറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ തനിച്ചൊരു സെല്ലിലേക്കു മാറ്റി. റെയ്ഡിനിടയില്‍ ഇയാളുടെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണടക്കമുള്ളവ കണ്ടെത്തിയിരുന്നു. ദാവൂദ് ഇബ്രാഹിമിന് യാതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് ഛോട്ടാ രാജനെ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ അടച്ചത്. രാജനെ സംരക്ഷിക്കുന്നതിനായി വളരെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണു തിഹാറില്‍ ഒരുക്കിയിരിക്കുന്നത്. 1993ല്‍ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനപരമ്പരയ്ക്കു പിന്നില്‍ ദാവൂദ് ഇബ്രാഹിമിന്റെ കരങ്ങളാണെന്നു തിരിച്ചറിഞ്ഞതോടെയാണു ഛോട്ടാരാജനും ദാവൂദും തമ്മില്‍ തെറ്റിപ്പിരിഞ്ഞത്.
2000 സെപ്റ്റംബറില്‍ ബാങ്കോക്കില്‍ വെച്ച് ഛോട്ടാരാജനെ ദാവൂദ് സംഘം വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇതിനുപകരമായി 2001ല്‍ ദാവൂദ് സംഘത്തിലെ ശരദ് ഷെട്ടിയെ ദുബായില്‍ കൊലപ്പെടുത്തി. 15-20 കൊലപാതകക്കേസുകളാണു ഛോട്ടാ രാജനെതിരെയുള്ളത്. ഭീഷണിപ്പെടുത്തി പണം തട്ടല്‍, കള്ളക്കടത്ത് തുടങ്ങി മറ്റു കേസുകളുമുണ്ട്.