കോവളത്തു കടലിനടിയിൽ പ്രണയവും വിവാഹവും

under water wedding at kovalam

കടലിനടിയിലെ ആദ്യവിവാഹത്തിന് കോവളം വേദിയായി. വരൻ മഹാരാഷ്ട്ര സ്വദേശി. വധു സ്ലോവാക്യന്‍ സ്വദേശിനി. വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് ചടങ്ങ് ആരംഭിച്ചത്. കടലിനടിയില്‍ തളിരിട്ട കിനാവുകൾക്കു കടലിനടിയില്‍ സാക്ഷാത്കാരം. സ്ലോവാക്യന്‍ സ്വദേശിനി യൂനിക്ക പൊഗ്രാന്‍റെയും മഹാരാഷ്ട്ര സ്വദേശിയും കോവളത്ത് ബോണ്ട് ഓഷ്യന്‍ സഫാരിയിലെ ഡൈവിങ് ഇന്‍സ്ട്രക്ടറുമായ നിഖില്‍ പവാറിന്‍െറയും വിവാഹമാണ് ചരിത്രത്താളില്‍ ഇടംപിടിച്ചത്.

വെള്ള ഗൗണിന് മുകളില്‍ മുങ്ങല്‍ ഉപകരണങ്ങള്‍ അണിഞ്ഞ് കൈയില്‍ റോസാപുഷ്പവുമായി തീരത്തത്തെിയ വധു യൂനിക്കയെ കണ്ട് കാഴ്ചക്കാര്‍ അമ്പരന്നു. ഒട്ടും വൈകാതെ കറുത്ത പാന്‍റ്സും വെള്ള ഷര്‍ട്ടും അണിഞ്ഞ് വരന്‍ നിഖിലുമത്തെി. കാണികള്‍ നോക്കിനില്‍ക്കെ ഇരുവരും കൈകള്‍ പിടിച്ച് കടലിലേക്ക് ഇറങ്ങി. കടലിനടിയില്‍ ഏകദേശം നാല് മീറ്റര്‍ ആഴത്തില്‍ പവിഴപ്പുറ്റുകളാല്‍ ചുറ്റപ്പെട്ട സ്ഥലത്ത് തടികളും തെങ്ങോലകളും പൂക്കളും കൊണ്ട് പ്രത്യേകം നിര്‍മിച്ച വേദിയിലായിരുന്നു ചടങ്ങ്.

ക്രിസ്തുമതാചാരപ്രകാരം പുരോഹിതന്‍െറ കാര്‍മികത്വത്തില്‍ 90 മിനിറ്റോളം കടലിനടിയില്‍ വിവാഹച്ചടങ്ങ് നീണ്ടു. മുന്‍കൂട്ടി തയാറാക്കിയ പ്ളക്കാര്‍ഡുകള്‍ കാണിച്ചാണ് ദമ്പതികളും പുരോഹിതനും ആശയവിനിമയം നടത്തിയത്. നിഖിലിന്‍െറ സഹപ്രവര്‍ത്തകരും കടലിനടിയില്‍ നടന്ന ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ചടങ്ങുകള്‍ക്കുശേഷം ഇരുവരും ഒരുമിച്ചുനീന്തി കരയിലത്തെി.

ഏഴുമാസം മുമ്പാണ് യൂനിക്ക കോവളത്തത്തെിയത്. സ്കൂബ ഡൈവിങ് ഇഷ്ടമുള്ള യൂനിക്ക ഇതിനിടയിലാണ് നിഖിലിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്ക് മാറുകയായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതപ്രകാരമായിരുന്നു വിവാഹം.
അടുത്ത ആഴ്ച യൂനിക്കയുടെ നാടായ സ്ലോവാക്യയില്‍വെച്ച് മതാചാരപ്രകാരം വിവാഹച്ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ ഇത്തരം കല്യാണങ്ങള്‍ നടക്കാറുണ്ടെങ്കിലും ഇന്ത്യയില്‍ ഇത് ആദ്യത്തേതാണെന്ന് ഇതുമായി ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു.