സംസ്ഥാനത്ത് കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾക്ക് പിന്നിൽ ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള അവയവ മാഫിയകൾ. കേരളത്തിൽനിന്നു കഴിഞ്ഞ വർഷം കാണാതായവരിൽ 90 ഓളം കുട്ടികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ അന്വേഷണം ചെന്നെത്തിയത് അവയവ മാഫിയകളിലേക്കാണെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഇത്തരം സംഘങ്ങൾക്കെതിരേ നടപടിയെടുക്കാൻ നാളിതുവരെ സംസ്ഥാന പൊലീസിനു കഴിഞ്ഞിട്ടില്ലെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിലെ ചില രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് വരെ ഇത്തരം സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
രണ്ടു വർഷം മുൻപ് കൊച്ചിയിലെ പഞ്ച നക്ഷത്ര ആശുപത്രികൾ കേന്ദ്രീകരിച്ച് ഇത്തരം അവയവ കച്ചവട സംഘങ്ങൾ വ്യാപകമായിരുന്നു. ആവശ്യക്കാരെ തിരഞ്ഞുപിടിച്ച് ലക്ഷങ്ങൾ വില പറഞ്ഞ് കച്ചവടം ഉറപ്പിക്കുന്ന സംഘങ്ങൾ പിന്നീട് പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ അപ്രത്യക്ഷരായി. സംസ്ഥാനത്ത് അവയവ കൈമാറ്റത്തിനു സർക്കാർ മേൽനോട്ടം നിർബന്ധമാക്കിയതോടെ അവയവ മാഫിയകൾ കേരളത്തിൽ നിന്നു പിൻവാങ്ങി തുടങ്ങിയിരുന്നു. എന്നാൽ തൊട്ടടുത്ത തമിഴ്നാട്ടിലും കർണാടകയിലും ഇത്തരം മാഫിയകൾ സജീവമാണെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽ നിന്നും തട്ടിക്കൊണ്ടു പോകുന്ന കുട്ടികളെ ഇത്തരം സംഘങ്ങൾക്ക് കൈമാറുകയാണ് പതിവത്രേ.
ആരോഗ്യമുള്ള കുട്ടികളെയാണ് സംഘങ്ങൾ ആവശ്യപ്പെടുന്നത്. ഇതിനാൽ ഇടത്തരക്കാരുടെയും സമ്പന്നരുടെയും വീടുകളിലാണ് കുട്ടികളെ കടത്തുന്ന സംഘങ്ങൾ എത്തുന്നത്. തട്ടിയെടുക്കുന്ന കുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ അതിർത്തി കടത്തി അവയവ മാഫിയകൾക്ക് കൈമാറുന്നതാണ് പതിവ്. കുട്ടിയുടെ ആരോഗ്യവും ബ്ലഡ് ഗ്ലൂപ്പും അനുസരിച്ചാണ് തുക നിശ്ചയിക്കുക. റെയർ ബ്ലഡ് ഗ്രൂപ്പിലെ കുട്ടികൾക്ക് 10ലക്ഷം രൂപ വരെ ലഭിക്കുമെന്ന് കുട്ടിക്കടത്ത് കേസിൽ അറസ്റ്റിലായവർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സംഘങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തിനു പുറത്തു പ്രവർത്തിക്കുന്ന ഇവർക്കെതിരേ നടപടിയെടുക്കുന്നതിൽ തടസങ്ങൾ നിലനിൽക്കുന്നതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കാണാതായി എന്നു പറയുന്ന കുട്ടികൾ ഇത്തരം സംഘങ്ങളുടെ പക്കലാണെന്നതിനും തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അന്വേഷണം നടത്തുക വിഷകരമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കുട്ടികളെ തട്ടികൊണ്ട് പോകുന്നതിനു പിന്നിൽ ഇതര സംസ്ഥാന അവയവ മാഫിയകൾ
RELATED ARTICLES