Sunday, October 13, 2024
HomeKeralaമാനസിക വൈകല്യങ്ങള്‍ നേരിടുന്നവരെ പാര്‍പ്പിക്കുവാന്‍ ഷെല്‍ട്ടര്‍ഹോമുകള്‍ സ്ഥാപിക്കും: നിയമസഭാ സമിതി

മാനസിക വൈകല്യങ്ങള്‍ നേരിടുന്നവരെ പാര്‍പ്പിക്കുവാന്‍ ഷെല്‍ട്ടര്‍ഹോമുകള്‍ സ്ഥാപിക്കും: നിയമസഭാ സമിതി

സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെയും ഭിന്നശേഷിക്കാരുടെയും കുട്ടികളുടെയും വിവിധങ്ങളായ പ്രശ്നങ്ങളിലും ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരുന്ന പ്രശ്നങ്ങളിലും അതിവേഗം പരിഹാരം കാണുമെന്നു നിയമസഭാ സമിതി ചെയര്‍പേഴ്‌സണ്‍ ഐഷാപോറ്റി എം.എല്‍.എ പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്ജന്‍ഡറുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നിയമസഭാ ക്ഷേമ സമിതിയുടെ തെളിവെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. സമിതി അംഗങ്ങളായ വീണാ ജോര്‍ജ് എം.എല്‍.എ, ഇ.കെ വിജയന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.നേരത്തെ ലഭിച്ച രണ്ടു പരാതികളിലും യോഗത്തില്‍ നേരിട്ടു ലഭിച്ച മൂന്നു പരാതികളിലും സമിതി നടപടികള്‍ സ്വീകരിച്ചു. 2016 സെപ്തംബറില്‍ ചിറ്റാറില്‍ ആകാശ ഊഞ്ഞാലില്‍നിന്നും വീണ് രണ്ടു കുട്ടികള്‍ മരിച്ച സംഭവത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സമിതി തെളിവെടുത്തു. പഞ്ചായത്തിന്റെ ഭാഗത്തുനിന്നും വലിയ രീതിയിലുള്ള പിഴവാണു സംഭവിച്ചതെന്നും ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് ഇതുപോലെയുള്ള അപകടങ്ങള്‍ക്കു കാരണമെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും ഉണ്ടാകുന്നതിനു നിര്‍ദേശം നല്‍കുമെന്നും സമിതി അറിയിച്ചു.  ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് ആവശ്യത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജില്ലാ പഞ്ചായത്തിന്റെ അഞ്ചു ശതമാനം വിഹിതവും ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ചു ശതമാനം വിഹിതവും ഗ്രാമപഞ്ചായത്തുകളുടെ വിഹിതവും ഉറപ്പാക്കാന്‍ വേണ്ട ശുപാര്‍ശ സര്‍ക്കാരില്‍ സമര്‍പ്പിക്കുമെന്നും സമിതി വ്യക്തമാക്കി.      ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പും സാമൂഹ്യ നീതി വകുപ്പും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണു കാഴ്ചവയ്ക്കുന്നതെന്നും സാമൂഹ്യനീതി വകുപ്പിന്റെ താഴെ തട്ടത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുവാനുള്ള കുടിശികയുടെ കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടാക്കുമെന്നും സമിതി പറഞ്ഞു. മാനസിക വൈകല്യങ്ങള്‍ നേരിടുന്നവരെ പാര്‍പ്പിക്കുവാന്‍ എല്ലാ ജില്ലകളിലും ഷെല്‍ട്ടര്‍ഹോമുകള്‍ സ്ഥാപിക്കുവാന്‍ സര്‍ക്കാരില്‍ ശുപാര്‍ശ സമര്‍പ്പിക്കും. കുട്ടികളിലെ ലഹരി ഉപയോഗം തടയുവാന്‍ വേണ്ട പ്രവര്‍ത്തികള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും സമിതിയില്‍ പറഞ്ഞു. തെളിവെടുപ്പ് യോഗത്തില്‍ ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം അലക്‌സ് പി തോമസ്, ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, വനിത ശിശു വികസന സെക്ഷന്‍ ഓഫീസര്‍ എം.എസ് അന്‍വര്‍ സുല്‍ത്താന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments