Friday, March 29, 2024
HomeKeralaഇരുചക്ര വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്ന വര്‍ക്ക്‌ഷോപ്പുകള്‍ക്കു പണികിട്ടും

ഇരുചക്ര വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്ന വര്‍ക്ക്‌ഷോപ്പുകള്‍ക്കു പണികിട്ടും

വാഹനങ്ങളുടെ നിയമപരമല്ലാത്ത രൂപമാറ്റത്തിനെതിരെ നടപടി ശക്തമാക്കി കേരള പോലീസ്. സംസ്ഥാനത്ത് വ്യാപകമായിരിക്കുന്ന അനധികൃത ബൈക്ക് റെയ്‌സിങ് മത്സരങ്ങള്‍ക്ക്, രൂപമാറ്റം വരുത്തിയ ബൈക്കുകളാണ് ഉപയോഗിക്കുന്നതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി ശക്തമാക്കിയത്. ഇരുചക്രവാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്ന വര്‍ക്ക്‌ഷോപ്പുകള്‍ നിരീക്ഷിക്കാനും അവ പൂട്ടിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എ.ഡി.ജി.പി. കെ. പദ്മകുമാര്‍ ആര്‍.ടി.ഒ.മാര്‍ക്കും ജോയന്റ് ആര്‍.ടി.ഒ.മാര്‍ക്കും നിര്‍ദേശം നല്‍കി. ബൈക്കുകളുടെ ടയര്‍, മഡ്ഗാര്‍ഡ്, ഹാന്‍ഡില്‍ ബാര്‍, സൈലന്‍സര്‍ എന്നിവയിലാണ് രൂപമാറ്റം വരുത്തുന്നത്. അപകടരഹിതമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഇത്തരം പരിഷ്‌കാരങ്ങള്‍ നടത്തുന്ന വര്‍ക്ക്‌ഷോപ്പുകളുടെ വിവരം അടിയന്തരമായി ശേഖരിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. വര്‍ക്ക്‌ഷോപ്പുടമകള്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് മാസാവലോകനയോഗത്തില്‍ ആര്‍.ടി.ഒ.മാര്‍ റിപ്പോര്‍ട്ട് ചെയ്യണം. രാത്രികാലങ്ങളിലാണ് ബൈക്ക് റെയ്‌സിങ് കൂടുതലായി നടക്കുന്നതെന്നാണ് കണ്ടെത്തല്‍. ഇവയെക്കുറിച്ചുള്ള വിവരം ലഭിച്ചാല്‍ രഹസ്യമായി നിരീക്ഷിച്ച് വാഹനനമ്പര്‍ മനസ്സിലാക്കി ഉടമയ്‌ക്കെതിരേ നിയമനടപടിക്കുള്ള നോട്ടീസ് നല്‍കണം. ഇവയുടെ ഫോട്ടോ, വീഡിയോ എന്നിവ എടുക്കാനും ശ്രമിക്കണം. ഈ ബൈക്കുകള്‍ പിന്തുടരാനോ പിടികൂടാനോ ശ്രമിക്കരുത്. 18 വയസ്സിനുതാഴെ പ്രായമുള്ള കുട്ടികള്‍ മത്സരങ്ങളിലേര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരുടെ പേരും മേല്‍വിലാസവും മനസ്സിലാക്കി മാതാപിതാക്കളെ ഫോണ്‍ മുഖേന വിവരം ധരിപ്പിക്കും. ബൈക്ക് റെയ്‌സിങ് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോയോ വീഡിയോയോ എടുത്ത് 7025950100 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശമയക്കാം. ഇത്തരം വിവരങ്ങള്‍ നല്‍കുന്നവരെ സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിടരുതെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments